Skip to main content

ബാലാവകാശ വാരാഘോഷം: ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വനിതാ ശിശുവികസന വകുപ്പ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശിശുദിന വാരാഘോഷത്തിൻ്റെ ഭാഗമായി നവംബർ 14 മുതൽ 20 വരെ സംഘടിപ്പിക്കുന്ന ബാലാവകാശ വാരാഘോഷത്തിന്റെ ഭാഗമായി നിലമ്പൂർ കെ.ജി.എം.ആർ.എസ് സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 'കുട്ടികളുടെ നിയമങ്ങളും സംരക്ഷണ സംവിധാനങ്ങളും' എന്ന വിഷയത്തിലാണ് സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കുമായി ക്ലാസ് നൽകിയത്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ അവരുടെ സുരക്ഷ ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥരും ഐ.സി.ഡി.എസിന് കീഴിലുള്ള സൈക്കോ സോഷ്യൽ കൗൺസിലർമാരും ഉൾപ്പെടുന്ന 17 അംഗ സംഘമാണ് ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.
വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ട്രൈബൽ മേഖലയിലെ വിദ്യാർഥികൾക്കായി നവംബർ 21-ന് 'വേരുകൾ- നിറഞ്ഞ് പടരാം' എന്ന പരിപാടിയും സംഘടിപ്പിക്കും. ട്രൈബൽ മേഖലയിലുള്ളവർക്ക് വിവിധ വകുപ്പുകളുടെ സേവനങ്ങളും പദ്ധതികളും പരിചയപ്പെടുത്തുന്നതിനായി മിനി എക്സിബിഷൻ മാതൃകയിലാണ് പരിപാടി നടപ്പിലാക്കുക.
പരിപാടിയിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ ലീഗൽ കം പ്രൊബേഷൻ ഓഫീസർ പി. ഫവാസ്, ഒ.ആർ.സി പ്രൊജക്റ്റ് അസിസ്റ്റന്റ് കെ. ഷംസുദ്ദീൻ, സോഷ്യൽ വർക്കർ പി. സുരാഗ്, റെസ്ക്യൂ ഓഫീസർ പി.എം ആതിര തുടങ്ങിയവർ പങ്കെടുത്തു.

date