Skip to main content

പക്ഷിപ്പനി പ്രതിരോധം: നിരീക്ഷണ മേഖലയിൽ ഒരാഴ്ചത്തേക്ക് കോഴി, താറാവ്, മുട്ട, ഇറച്ചി എന്നിവയുടെ വിപണനവും കടത്തലും നിരോധിച്ചു

 

ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി, പ്രഭവകേന്ദ്രങ്ങൾക്ക് 10 കിലോമീറ്റർ ചുറ്റളവിലുള്ള നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഒരാഴ്ചത്തേക്ക് പക്ഷികളുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും വിപണനവും കടത്തലും നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. ചൊവ്വാഴ്ച്ച ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

വളർത്തുപക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികൾ പൂർത്തിയാക്കി പ്രദേശങ്ങളിൽ ശുചീകരണം പൂർത്തിയാകുന്നതുവരെ ഒരാഴ്ചത്തേക്കാണ് നിരോധനം. ഇതനുസരിച്ച് താറാവ്, കോഴി, കാട, മറ്റ് വളർത്തുപക്ഷികൾ, ഇവയുടെ മുട്ട, ഇറച്ചി, കാഷ്ഠം, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയും കടത്തലും കർശനമായി നിരോധിച്ചിട്ടുണ്ട്. 

പ്രഭവകേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ (രോഗബാധിത മേഖല) പക്ഷികളെ  കൊന്നു നശിപ്പിക്കുന്ന നടപടികൾ പൂർത്തിയായി മൂന്ന് മാസത്തേക്ക് പക്ഷികളെ വളർത്തുന്നതും നിരോധിച്ചു. 

date