വിഴിഞ്ഞത്തെ സമഗ്ര എക്സിം-മാരിടൈം സേവന കേന്ദ്രമാക്കാൻ കൂട്ടായ പ്രവർത്തനം; ട്രേഡ് ഫെസിലിറ്റേഷൻ യോഗം സംഘടിപ്പിച്ചു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സമഗ്രമായ കയറ്റുമതി-ഇറക്കുമതി (എക്സിം), മാരിടൈം സേവന കേന്ദ്രമായി വികസിപ്പിക്കുന്നതിനും വ്യാപാരവുമായി ബന്ധപ്പെട്ട സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡും (VISL) ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (TCCI) സംയുക്തമായി ട്രേഡ് ഫെസിലിറ്റേഷൻ യോഗം സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ വിവിധ സർക്കാർ ഏജൻസികൾ, തുറമുഖ നടത്തിപ്പുകാർ, ഷിപ്പിംഗ് കമ്പനികൾ, വ്യവസായ-വ്യാപാര മേഖലയിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കസ്റ്റംസ്, ഇമിഗ്രേഷൻ, ഷിപ്പിംഗ് കമ്പനികൾ, തുറമുഖ നടത്തിപ്പുകാർ, വ്യാപാര സമൂഹം എന്നിവയുടെ സജീവ പങ്കാളിത്തവും ഏകോപനവും ഉറപ്പാക്കി വിഴിഞ്ഞത്തെ സമഗ്രമായ എക്സിം-മാരിടൈം സേവന കേന്ദ്രമാക്കി വികസിപ്പിക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾക്കാണ് യോഗം പ്രാധാന്യം നൽകിയത്. ഇന്ത്യൻ കസ്റ്റംസ്, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, പ്രമുഖ ഷിപ്പിംഗ് കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികൾ തുറമുഖവുമായി ബന്ധപ്പെട്ട വികസനസാധ്യതകളും ആവശ്യകതകളും സംബന്ധിച്ച അഭിപ്രായങ്ങൾ പങ്കുവെച്ചു.
സമുദ്രസേവനങ്ങൾ, എക്സിം പ്രവർത്തനങ്ങൾ, ലോജിസ്റ്റിക്സ് എന്നീ മൂന്ന് മേഖലകൾക്കാണ് മാരിടൈം മേഖലയുടെ വികസനത്തിൽ പ്രധാന പരിഗണന നൽകേണ്ടതെന്ന് തുറമുഖ വകുപ്പ് സെക്രട്ടറി രത്തൻ യു. കേൽക്കർ വ്യക്തമാക്കി. തിരുവനന്തപുരം മുതൽ ബേക്കൽ വരെയുള്ള ജലാശയങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ച് സംസ്ഥാനത്തെ ലഭ്യമായ വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഴിഞ്ഞത്തിന് ചുറ്റുമായി ഒരു പോർട്ട് ലോജിസ്റ്റിക്സ് സിറ്റി വികസിപ്പിക്കുകയെന്ന ആശയം കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ജെറോമിക് ജോർജ് മുന്നോട്ടുവച്ചു. അന്താരാഷ്ട്ര വ്യാപാരത്തിന്റെ പ്രധാന കവാടമായി വിഴിഞ്ഞത്തെ ഉയർത്തുന്നതിനൊപ്പം കോവളം-വിഴിഞ്ഞം, കൊല്ലം തുറമുഖങ്ങളിൽ അനുബന്ധ മാരിടൈം, ലോജിസ്റ്റിക്സ് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഭാവി പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
കസ്റ്റംസ്, ഇമിഗ്രേഷൻ നടപടിക്രമങ്ങൾ, ഷിപ്പിംഗ് അനുബന്ധ സേവനങ്ങൾ, ലോജിസ്റ്റിക്സ് പിന്തുണ, സമുദ്രസേവനങ്ങൾ തുടങ്ങിയ മേഖലകളിലെ വ്യാപാര സൗകര്യവത്കരണവും സർക്കാർ ഏജൻസികളും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും തമ്മിലുള്ള ഫലപ്രദമായ ഏകോപനത്തിന്റെ ആവശ്യകതയും യോഗം ചർച്ച ചെയ്തു. കൂടുതൽ പങ്കാളികളെ ഉൾപ്പെടുത്തി തുടർച്ചയായ ആശയവിനിമയവും സഹകരണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം യോഗങ്ങൾ ഇനി മുതൽ മൂന്ന് മാസത്തിലൊരിക്കൽ സംഘടിപ്പിക്കാനും തീരുമാനിച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ വ്യാപാര പ്രവർത്തനങ്ങളുടെ ആരംഭത്തിനും സുഗമമായ നടത്തിപ്പിനും സംഭാവനകൾ നൽകിയ വിവിധ സ്ഥാപനങ്ങളെയും പങ്കാളികളെയും ആദരിച്ചു. കസ്റ്റംസ് അഡീഷണൽ കമ്മിഷണർ ഗായത്രി പി.ജി, തിരുവനന്തപുരം ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസർ സ്വാതി എസ്. കുമാർ, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധി ക്യാപ്റ്റൻ ഗിരീഷ് ചന്ദ്ര, മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി സീനിയർ വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ നാഗരാജൻ, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് രഘു ചന്ദ്രൻ നായർ, സെക്രട്ടറി എബ്രഹാം തോമസ്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ആദ്യ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കസ്റ്റംസ് ഹൗസ് ഏജന്റുമാരുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പി.എൻ.എക്സ്. 4862/2026
- Log in to post comments