മാലിന്യ സംസ്കരണത്തിന് മാതൃക തേടി നിലമ്പൂർ നഗരസഭയുടെ പഠനസന്ദർശനം
നിലമ്പൂർ നഗരസഭയിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ശാസ്ത്രീയവുമാക്കുന്നതിന്റെ ഭാഗമായി നഗരസഭാ ഭരണസമിതിയും വിവിധ വിഭാഗങ്ങളിലെ ജീവനക്കാരും വയനാട്ടിലെ മാലിന്യ പരിപാലന കേന്ദ്രങ്ങൾ സന്ദർശിച്ചു. നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിതകർമസേനാംഗങ്ങൾ, സാനിറ്റേഷൻ ജീവനക്കാർ, തൊഴിലുറപ്പ് വിഭാഗം ജീവനക്കാർ തുടങ്ങിയവരടക്കം 113 പേരാണ് പഠനസന്ദർശനത്തിൽ പങ്കെടുത്തത്.
അജൈവ മാലിന്യ സംസ്കരണത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടപ്പാക്കുന്ന സുൽത്താൻബത്തേരി നഗരസഭയുടെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി, റിസോഴ്സ് റിക്കവറി ഫെസിലിറ്റി കേന്ദ്രങ്ങൾ സംഘം സന്ദർശിച്ചു. സുൽത്താൻബത്തേരി നഗരസഭാ ഭരണസമിതി നിലമ്പൂർ നഗരസഭാ സംഘത്തെ സ്വീകരിച്ചു. മാലിന്യ ശേഖരണം, തരംതിരിക്കൽ, പുനരുപയോഗം, സംസ്കരണം തുടങ്ങിയവയുടെ വിവിധ ഘട്ടങ്ങളും കേന്ദ്രങ്ങളുടെ പരിപാലനവും പ്രവർത്തന സംവിധാനങ്ങളും സുൽത്താൻബത്തേരി നഗരസഭാ ഭരണസമിതി അംഗങ്ങൾ വിശദീകരിച്ചു. തുടർന്ന് കൽപ്പറ്റ നഗരസഭയുടെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും സംഘം സന്ദർശിച്ചു.
പഠനസന്ദർശനത്തിൽ നിലമ്പൂർ നഗരസഭാ വൈസ് ചെയർമാൻ ഷൗക്കത്തലി കൂമഞ്ചേരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ മേരീസ് ഷിബു, മുസ്തഫ കളത്തുംപടിക്കൽ, മുംതാസ് ബാബു, സുരേഷ് പാത്തിപ്പാറ, സ്മിത മോൾ, കൗൺസിലർമാരായ ഇസ്ഹാക്ക് അടുക്കത്ത്, സൈഫുദ്ദീൻ പൊട്ടിപ്പാറ, ഫ്രാൻസിസ് അമ്പലത്തിങ്ങൽ, ഷെഫീഖ് മണലോടി, പി.കെ ഉമ്മർ നാണി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എം. രേഷ്മ, ഡി.വി ബിന്ദു, സൂസൻ പോൾ, അഭിലാഷ്, തൊഴിലുറപ്പ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ രേഷ്മ, സി.ഡി.എസ് പ്രസിഡന്റ് സാലി ബിജു തുടങ്ങിയവർ പങ്കെടുത്തു.
(ഫോട്ടോ)
- Log in to post comments