Skip to main content
..

കൊല്ലം പ്രസിഡന്റ്‌സ് ട്രോഫി ആവേശത്തില്‍; ഇന്ന് വിളംബര ഘോഷയാത്രയും ജോബ് കുര്യന്‍ നയിക്കുന്ന സംഗീത സന്ധ്യയും ശുചീകരണ യജ്ഞവും  

പ്രസിഡന്റ്സ് ട്രോഫി 12-ാം എഡിഷന്റെയും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലിന്റെയും ആവേശത്തില്‍ കൊല്ലം. നവംബര്‍ 21ന് ഉച്ചയ്ക്ക് 2 മണിക്ക് കൊല്ലം അഷ്ടമുടി കായലില്‍ നടക്കുന്ന വള്ളംകളിയുടെ വിളംബര ഘോഷയാത്ര ഇന്ന് വൈകീട്ട് 4 മണിക്ക് തൊഴില്‍, വനിത ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് പരിസരത്തിന് നിന്ന് ആരംഭിച്ച് പ്രസിഡന്റ്സ് ട്രോഫി പവലിയന്‍ വരെ നീളുന്ന വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്രയില്‍ വിവിധ കലാരൂപങ്ങള്‍ അണിനിരക്കും. മേയര്‍ എ കെ ഹഫീസ്, വിഷ്ണു മോഹന്‍ എം എല്‍ എ, മറ്റ് ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്, കലാകായിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വിവിധ സബ് കമ്മിറ്റികളുടെ പ്രതിനിധികള്‍, എന്‍ എസ് എസ്, എസ് പി സി, എന്‍ സി സി കേഡറ്റുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവരും ഘോഷയാത്രയില്‍ അണിചേരും. ഇന്ന് രാവിലെ 6.30ന് മേയര്‍ എ കെ ഹഫീസ്, വിഷ്ണു മോഹന്‍ എം എല്‍ എ, ജില്ലാ കലക്ടര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡി ടി പി സി, കോര്‍പ്പറേഷന്‍, ഹരിതകര്‍മസേന, ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ തുടങ്ങിയവരുടെ സഹകരണത്തോടെ വള്ളംകളി നടക്കുന്ന കായല്‍ പ്രദേശം ശുചീകരിക്കും.നിലവില്‍ ട്രാക്കിന്റെ പരിശോധന പൂര്‍ത്തീകരിച്ചിട്ടുണ്ട്.

പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയിലെ കളിവള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ ഇന്ന് (19) വൈകിട്ട് അഞ്ച് മണി വരെ തുടരും. ഇരുട്ടുകുത്തി ബി ഗ്രേഡ് ഇനത്തില്‍ മൂന്ന് വള്ളങ്ങളും വനിതകള്‍ തുഴയുന്ന തെക്കനോടിയില്‍ മൂന്ന് വള്ളങ്ങളും ഇരുട്ടുകുത്തി എ ഗ്രേഡ് ഇനത്തില്‍ ഒരു വള്ളവും ഇതുവരെ രജിസ്റ്റര്‍ ചെയ്തു. രജിസ്‌ട്രേഷന്‍ നടപടികള്‍ വിലയിരുത്താന്‍ ഡി ടി പി സി കോണ്‍ഫറന്‍സ് ഹാളില്‍ റേസ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ കെ കുറുപ്പിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ ഷാനവാസ് ഖാന്‍, വൈസ് ചെയര്‍മാന്‍ റ്റി അജയന്‍, കണ്‍വീനര്‍ ശ്രീനാഥ് എസ്, ജോ. കണ്‍വീനര്‍ എന്‍ ചന്ദ്രബാബു, വാളത്തുംഗല്‍ രാജഗോപാല്‍, അനീഷ് പടപ്പക്കര, സുനില്‍ ജോസ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജഗന്നാഥന്‍, കൊല്ലം ഉള്‍നാടന്‍ ജലഗതാഗത വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പ്രേംചന്ദ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ മുഹമ്മദ് അന്‍സാരി, അഡ്വ. ആനന്ദ് ബ്രഹ്മാനന്ദ്, പി പ്രതീഷ് കുമാര്‍, സജീവ് ഖാന്‍, ആര്‍ അരുണ്‍രാജ്, നിഷാ പുലിയില, എം മാത്യു, പേരയം വിനോദ്, കൃഷ്ണവേണി ശര്‍മ്മ, കെ ജി ബിജു എന്നിവര്‍ പങ്കെടുത്തു.

ഇന്ന് (19) ജോബ് കുര്യന്‍ നയിക്കുന്ന സംഗീതനിശ
 
ഓളപ്പരപ്പിലെ ആവേശപ്പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി കലാസാംസ്‌കാരിക പരിപാടികള്‍ തുടരുകയാണ്. ഇന്ന് വൈകീട്ട് 6.30ന് ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിലെ മംഗനിയാര്‍ ഗാര്‍ഡന്‍സില്‍ ഗായകന്‍ ജോബ് കുര്യനും സംഘവും സംഗീതവിരുന്നൊരുക്കും. നാളെ (20) വൈകീട്ട് 6.30ന് ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ മത്തായി സുനിലും സംഘവും നയിക്കുന്ന പാട്ടുപുരയും എട്ട് മണിക്ക് കീഴില്ലം ഉണ്ണിക്കൃഷ്ണന്‍ അവതരിപ്പിക്കുന്ന മുടിയേറ്റും അരങ്ങേറും.

വ്‌ളോഗര്‍മാരുടെ യോഗം ചേര്‍ന്നു; മികച്ച കവറേജിന് പുരസ്‌കാരം

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന്റെ 12-ാം എഡിഷന് സാമൂഹിക മാധ്യമങ്ങളില്‍ മികച്ച പ്രചാരവും കവറേജും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വ്‌ലോഗര്‍മാരുടെ യോഗം ജില്ലാ ഡി ടി പി സി ഓഫീസില്‍ ചേര്‍ന്നു. കൊല്ലത്തിന്റെ ചരിത്രത്തോട് ചേര്‍ന്നുനില്‍ക്കുന്ന രീതിയില്‍, വള്ളംകളിയുടെ ആവേശവും ഓരോ ചുണ്ടന്‍ വള്ളങ്ങളുടെയും പ്രത്യേകതകളും ജനങ്ങളിലേക്ക് എത്തിക്കണമെന്ന് യോഗം വിലയിരുത്തി.
പ്രസിഡന്റ്സ് ട്രോഫിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളും അനുബന്ധ പ്രവര്‍ത്തനങ്ങളും വ്‌ലോഗര്‍മാര്‍ ജനങ്ങളിലേക്ക് കൂടുതല്‍ ഫലപ്രദമായി എത്തിക്കണമെന്ന് മന്ത്രി പി സി വിഷ്ണുനാഥിന്റെ പ്രതിനിധി കുരീപ്പള്ളി സലിം പറഞ്ഞു. പ്രസിഡന്റ്‌സ് ട്രോഫിയുടെ പ്രാധാന്യം പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതിനൊപ്പം കൊല്ലം ജില്ലയുടെ പെരുമ ഉയര്‍ത്തിപ്പിടിക്കാനും വ്‌ലോഗര്‍മാരുടെ ഇടപെടലുകളിലൂടെ സാധിക്കുമെന്ന് യോഗത്തില്‍ സംസാരിച്ച മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതിനിധി തൃദീപ് കുമാര്‍ പറഞ്ഞു.
ജലോത്സവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്ന മികച്ച വ്‌ലോഗുകള്‍ തയ്യാറാക്കുന്ന വ്‌ലോഗര്‍മാര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കും. വള്ളംകളി ദിവസം ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി വ്‌ലോഗര്‍മാര്‍ക്ക് സൌകര്യമൊരുക്കുമെന്നും സംഘാടകര്‍ യോഗത്തില്‍ അറിയിച്ചു. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി സി വിജയന്‍, വൈസ് ചെയര്‍മാന്‍ കെ ആര്‍ വി സഹജന്‍, കോതേത്ത് ഭാസുരന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ( സ്‌പെഷ്യല്‍ പ്രൊജക്ട്‌സ് ) എം അബ്ദുല്‍ സലീം, ഡി ടി പി സി സെക്രട്ടറി ജ്യോതിഷ് കേശവന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

ആവേശമായി ഫുട്‌ബോള്‍ മത്സരം; ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടീം വിജയികള്‍
 
പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന്റെ പ്രചാരണാര്‍ത്ഥം ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ച ആവേശകരമായ ഫുട്‌ബോള്‍ മത്സരത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടീം ജേതാക്കള്‍. അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എസ് ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് ടീമിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മുന്‍ കേരള താരം ഫൈസല്‍ റാഫിയുടെ നേതൃത്വത്തിലുള്ള സ്‌പോര്‍ട്‌സ് കൌണ്‍സില്‍ ടീം കപ്പുയര്‍ത്തിയത്. പെനാല്‍റ്റി ഷൂട്ടൌട്ടിലേക്ക് നീണ്ട ആദ്യ ലീഗ് മത്സരത്തില്‍ ജില്ലാ കലക്ടറുടെ ടീമിനെ പരാജയപ്പെടുത്തിയാണ് പൊലീസ് ടീം ഫൈനലിലെത്തിയത്. രണ്ടാം ലീഗ് മത്സരത്തില്‍ ഒരു ഗോളിന് മേയറുടെ ടീമിനെ പരാജയപ്പെടുത്തിയാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടീം ഫൈനലിലെത്തിയത്.  

ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ് കിക്ക് ഓഫ് ചെയ്ത പരിപാടിയില്‍ കൗണ്‍സിലര്‍ കുരുവിള ജോസഫ്, മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗം എം നാസര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ലിബു ബാബു, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ കോച്ച് ഗോപാലകൃഷ്ണന്‍,സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകനായ ജയകുമാര്‍, സ്‌പോര്‍ട്‌സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ എ കെ ജോഹര്‍, ജോയിന്റ് കണ്‍വീനര്‍മാരായ ഷിബു റാവുത്തര്‍, കെ രാധാകൃഷ്ണന്‍, ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

date