* മന്ത്രി കെ.എം. ഷാജി സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും; വിദ്യാർഥിനികളുമായി ആശയസംവാദവും
പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യവും വരുമാനവും; കുടുംബശ്രീ @ ക്യാമ്പസ് പദ്ധതിക്ക് നാളെ (വ്യാഴം) കോഴിക്കോട് തുടക്കം
കോളേജ് വിദ്യാർഥിനികളുടെ സർഗാത്മക കഴിവുകളും തൊഴിൽ നൈപുണ്യവും സംരംഭകത്വ ശേഷിയും വികസിപ്പിച്ച് സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന 'കുടുംബശ്രീ @ ക്യാമ്പസ്' പദ്ധതിക്ക് നാളെ (നവംബർ 19) തുടക്കമാകും. രാവിലെ ആറിന് കോഴിക്കോട് ബീച്ചിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.
ഉദ്ഘാടനത്തിനുശേഷം തിരഞ്ഞെടുത്ത വിദ്യാർഥിനികളുമായി മന്ത്രി ആശയസംവാദം നടത്തും. തങ്ങൾക്ക് താൽപര്യമുള്ള തൊഴിൽ മേഖലകൾ, സംരംഭക ആശയങ്ങൾ, ആവശ്യമായ നൈപുണ്യ പരിശീലനം, പിന്തുണ എന്നിവ വിദ്യാർഥിനികൾ മന്ത്രിയുമായി പങ്കുവെക്കും. കോഴിക്കോട് മേയർ ഒ. സദാശിവൻ, എം.എൽ.എമാരായ അഡ്വ. ഫൈസൽ ബാബു, അഡ്വ. കെ. ജയന്ത്, വിദ്യാ ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മല്ലി മോഹൻ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ വി. വിഘ്നേശ്വരി, ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും.
ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെയും പ്രൊഫഷണൽ കോളേജുകളിലെയും വിദ്യാർഥിനികൾക്ക് പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യം നേടാനും സംരംഭങ്ങളിലൂടെ വരുമാനം കണ്ടെത്താനും അവസരമൊരുക്കുന്നതാണ് പദ്ധതി. ക്രിയേറ്റീവ് മേഖല, ഉൽപാദന-സേവന മേഖല, ഐ.ടി ആൻഡ് ടെക്നോളജി എന്നീ മേഖലകളിലാണ് പരിശീലനവും സംരംഭക പിന്തുണയും ലഭ്യമാക്കുക.
ഫിലിം മേക്കിങ്, ഡിജിറ്റൽ മാർക്കറ്റിങ്, കണ്ടന്റ് റൈറ്റിങ്, ഡിസൈനിങ്, എഡിറ്റിങ്, സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, ആപ്പ് ബിൽഡിങ്, സ്റ്റാർട്ടപ്പുകൾ, സൂക്ഷ്മസംരംഭങ്ങൾ, കൃഷി, കരകൗശല നിർമാണം, ടൂറിസം, ഫാഷൻ, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ പരിശീലനത്തിനും സംരംഭങ്ങൾ ആരംഭിക്കുന്നതിനും അവസരമുണ്ടാകും.
കോളേജുകളിൽ വിദ്യാർഥിനികളെ ഉൾപ്പെടുത്തി പ്രത്യേക കുടുംബശ്രീ ഗ്രൂപ്പുകൾ രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുക. സംരംഭക ആശയങ്ങളുടെ രൂപീകരണം മുതൽ പരിശീലനം, സംരംഭക പ്രോത്സാഹനം, ധനസഹായം, വിപണന പിന്തുണ എന്നിവയുൾപ്പെടെയുള്ള സഹായങ്ങൾ കുടുംബശ്രീ ലഭ്യമാക്കും.
- Log in to post comments