പറക്കാനുള്ള ചിറകുകള് വിദ്യാര്‍ഥികളുടെ പക്കലുണ്ട്, വഴികാട്ടാന്‍ കുടുംബശ്രീ ഒപ്പമുണ്ടാകും: മന്ത്രി കെ.എം. ഷാജി
പഠനത്തോടൊപ്പം വരുമാനവും സംരംഭകത്വവും: 'കുടുംബശ്രീ @ ക്യാമ്പസ്' പദ്ധതിക്ക് ആവേശത്തുടക്കം
സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നിര്‍വഹിച്ചു
'ഉയരങ്ങളിലേക്ക് പറക്കാനുള്ള ചിറകുകള് വിദ്യാര്‍ത്ഥികളുടെ കൈവശമുണ്ട്; ശരിയായ ദിശാബോധം നല്‍കുക മാത്രമാണ് കുടുംബശ്രീ ചെയ്യുന്നത്'- തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ ഈ വാക്കുകളെ നിറഞ്ഞ കൈയടിയോടെയാണ് കോഴിക്കോട് കടപ്പുറത്ത് ഒത്തുകൂടിയ വിദ്യാര്‍ത്ഥിനികള്‍ വരവേറ്റത്. 'പഠനം കഴിഞ്ഞ് ജോലി തേടുക' എന്ന പരമ്പരാഗത ചിന്താഗതികള്‍ക്ക് വിരാമമിട്ട്, വിദ്യാര്‍ത്ഥിനികള്‍ക്ക് പഠനത്തോടൊപ്പം വരുമാനവും സംരംഭകത്വ വൈദഗ്ധ്യവും ഉറപ്പാക്കുന്ന 'കുടുംബശ്രീ @ ക്യാമ്പസ്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് കടപ്പുറത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജീവിത പ്രതിസന്ധികളെ അതിജീവിച്ച് സ്ത്രീകള്‍ കെട്ടിപ്പടുത്ത കരുത്തുറ്റ പ്രസ്ഥാനമാണ് കുടുംബശ്രീ. യുവതലമുറയുടെ സാങ്കേതിക മികവും സര്‍ഗ്ഗാത്മകതയും സമന്വയിപ്പിച്ച് അവരുടെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാര്‍ത്ഥികളുടെ അഭിപ്രായങ്ങളും ആശയങ്ങളും ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയ കൂട്ടായ വേദിയായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കോളേജുകളില്‍ സംരംഭകത്വ ക്ലബ്ബുകള്‍ രൂപീകരിച്ച് വിദ്യാര്‍ത്ഥികളുടെ നവീന ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള വേദിയൊരുക്കുകയാണ് കുടുംബശ്രീ. ഇന്റേണ്‍ഷിപ്പ്, മെന്റര്‍ഷിപ്പ്, ബിസിനസ് പ്ലാനിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സാമ്പത്തിക സാക്ഷരത എന്നിവയ്ക്കൊപ്പം സ്റ്റാര്‍ട്ടപ്പുകളിലും ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിലും നിരവധി പുതിയ അവസരങ്ങള്‍ പദ്ധതിയിലൂടെ തുറക്കപ്പെടും. കേരളത്തില്‍ ആയിരക്കണക്കിന് റിസോര്‍ട്ടുകളും ഹോട്ടലുകളുമുണ്ടെങ്കിലും അവ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള വിദഗ്ധരുടെ കുറവുണ്ട്. വിദ്യാര്‍ത്ഥികളുടെ നൂതനാശയങ്ങളും ഭാവനയും ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
28 വര്‍ഷം മുമ്പ് മലപ്പുറം ജില്ലയില്‍ തുടക്കം കുറിച്ച കുടുംബശ്രീ പ്രസ്ഥാനം ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ വനിതാ ശൃംഖലകളിലൊന്നായി വളര്‍ന്നിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 7,000-ത്തിലധികം വനിതകളെ ജനപ്രതിനിധികളായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കുടുംബശ്രീക്ക് സാധിച്ചു. വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിനിന്നിരുന്ന ഒരു തലമുറയ്ക്ക് സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കടന്നുവരാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും കരുത്തും നല്കുന്ന ശക്തിയായി കുടുംബശ്രീ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാങ്കേതികവിദ്യയും ഡിജിറ്റല്‍ സൗകര്യങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമായ ഈ കാലഘട്ടത്തില്‍, വിദ്യാഭ്യാസത്തെയും തൊഴിലിനെയും പരസ്പരം ബന്ധിപ്പിച്ച് യുവജനങ്ങളുടെ സ്വപ്നങ്ങള്‍ കേരളത്തില്‍ തന്നെ സാക്ഷാത്കരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലെ 27 കോളേജുകളില്‍ നിന്നായി 200-ല്‍ അധികം വിദ്യാര്‍ഥിനികളാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. പരിപാടിയുടെ ഭാഗമായി മന്ത്രിയ്ക്കൊപ്പം ബീച്ച് വാക്ക് നടത്തിയ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിനൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. ബീച്ചിലൊരുക്കിയ വേദിയില്‍ മന്ത്രിയും വിദ്യാര്‍ഥികളുമായി ആശയസംവാദവും നടന്നു.
ചടങ്ങില്‍ കോഴിക്കോട് കോര്പ്പറേഷന് മേയര്‍ ഒ. സദാശിവന്, കൗണ്‍സിലര്‍മാരായ സൗഫിയ അനീഷ്, ടി.പി.എം ജിഷാന്‍, സഫറി വെള്ളയില്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി. വിഘ്നേശ്വരി, അസിസ്റ്റന്റ് കളക്ടര്‍ മാളവിക ജി. നായര്‍, സെന്‍ട്രല്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ജാസ്മിന്, കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന് വൈസ് പ്രസിഡന്റ് നീരജ എന്നിവര്‍ സംസാരിച്ചു.
കുടുംബശ്രീ @ ക്യാമ്പസ്
ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെയും പ്രൊഫഷണല്‍ കോളേജുകളിലെയും വിദ്യാര്‍ഥിനികള്‍ക്ക് പഠനത്തോടൊപ്പം തൊഴില്‍ നൈപുണ്യം നേടാനും സംരംഭങ്ങളിലൂടെ വരുമാനം കണ്ടെത്താനും അവസരമൊരുക്കുന്നതാണ് കുടുംബശ്രീ @ ക്യാമ്പസ് പദ്ധതി. ക്രിയേറ്റീവ് മേഖല, ഉല്പാദന-സേവന മേഖല, ഐ.ടി ആന്‍ഡ് ടെക്നോളജി എന്നീ മേഖലകളിലാണ് പരിശീലനവും സംരംഭക പിന്തുണയും ലഭ്യമാക്കുക.
ഫിലിം മേക്കിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, കണ്ടന്റ് റൈറ്റിങ്, ഡിസൈനിങ്, എഡിറ്റിങ്, സോഫ്റ്റ്വെയര് ഡെവലപ്മെന്റ്, ആപ്പ് ബില്‍ഡിങ്, സ്റ്റാര്‍ട്ടപ്പുകള്‍, സൂക്ഷ്മസംരംഭങ്ങള്‍, കൃഷി, കരകൗശല നിര്‍മാണം, ടൂറിസം, ഫാഷന്‍, ബ്യൂട്ടി തുടങ്ങിയ മേഖലകളില്‍ പരിശീലനത്തിനും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അവസരമുണ്ടാകും.
കോളേജുകളില്‍ വിദ്യാര്‍ഥിനികളെ ഉള്‍പ്പെടുത്തി പ്രത്യേക കുടുംബശ്രീ ഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുക. സംരംഭക ആശയങ്ങളുടെ രൂപീകരണം മുതല്‍ പരിശീലനം, സംരംഭക പ്രോത്സാഹനം, ധനസഹായം, വിപണന പിന്തുണ എന്നിവയുള്‍പ്പെടെയുള്ള സഹായങ്ങള്‍ കുടുംബശ്രീ ലഭ്യമാക്കും.
- Log in to post comments