Skip to main content

ചിറകുകള്‍ വിരിച്ച് ആകാശം തൊടാം'; കടപ്പുറത്ത് വിദ്യാര്‍ഥിനികളുമായി മനസ്സുതുറന്ന് മന്ത്രി കെ.എം. ഷാജി

 

പുലര്‍ച്ചെ ആറു മണി. അന്താരാഷ്ട്ര വനിത സംരംഭകത്വ ദിനത്തില്‍ 'കുടുംബശ്രീ @ ക്യാമ്പസ്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് ഒത്തുകൂടിയ ഇരുനൂറിലധികം കോളേജ് വിദ്യാര്‍ഥിനികള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുമായി പ്രഭാത നടത്തത്തിനും ചായസല്‍ക്കാരത്തിനും ശേഷം സൗഹൃദസംഭാഷണത്തില്‍ ഏര്‍പ്പെട്ടു. ഔപചാരികതകളുടെ വേലിക്കെട്ടുകളില്ലാതെ, മനസ്സിലുള്ള സംശയങ്ങളും സ്വപ്നങ്ങളും വിദ്യാര്‍ഥിനികള്‍ മന്ത്രിക്ക് മുന്നില്‍ തുറന്നുവച്ചു.

'സാമ്പത്തിക സ്വാശ്രയത്വമാണ് ഞങ്ങള്‍ വിദ്യാര്‍ഥിനികള്‍ക്ക് വേണ്ടത്. അതിന് കുടുംബശ്രീക്ക് ഞങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്യാനാകും?' ആദ്യം ചോദ്യം ഉയര്‍ന്നു.

പുഞ്ചിരിയോടെ മന്ത്രി മറുപടി നല്‍കി: നിങ്ങള്‍ക്ക് മികച്ച സംരംഭ ആശയങ്ങളുണ്ടോ? എങ്കില്‍ ഏത് സംരംഭത്തിനും സാമ്പത്തിക പിന്തുണ നല്‍കാന്‍ കുടുംബശ്രീ തയ്യാറാണ്. ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതടക്കമുള്ള എല്ലാ കച്ചവട സഹായങ്ങളും ഞങ്ങള്‍ ഒരുക്കിത്തരും.

കടല്‍ക്കാറ്റിനൊപ്പം ആവേശം അലയടിച്ചു. അടുത്ത ചോദ്യം ജെന്‍സി തലമുറയുടെ പ്രതീക്ഷകളെക്കുറിച്ചായിരുന്നു. 'ജെന്‍സികളില്‍ എന്ത് മാറ്റമാണ് കുടുംബശ്രീ കൊണ്ടുവരാന്‍ പോകുന്നത്?'

'നമ്മുടെ അമ്മമാര്‍ ഇരുപത്തിയെട്ട് വര്‍ഷം മുമ്പ് തുടങ്ങിവച്ച കുടുംബശ്രീ ഇന്ന് കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള വലിയ ശൃംഖലയാണ്,' മന്ത്രി ഓര്‍മ്മിപ്പിച്ചു. 'ലോകത്തിലെ ഏറ്റവും മികച്ച കഫേകള്‍ ഏഷ്യയിലാണുള്ളത്. കാലാനുസൃതമായി കഫേകളിലും ഉല്‍പ്പന്നങ്ങളിലും മാറ്റം വരുത്തി വിപണിയിലിറക്കാനുള്ള പുത്തന്‍ ആശയങ്ങള്‍ നിങ്ങളുടെ കയ്യിലുണ്ട്. അതിന്റെ ശക്തി മനസ്സിലാക്കി നിങ്ങള്‍ ഈ മുന്നേറ്റം ഏറ്റെടുക്കണം.'

തലമുറകള്‍ തമ്മിലുള്ള അന്തരത്തെക്കുറിച്ചായിരുന്നു അടുത്ത വിദ്യാര്‍ഥിനിക്ക് അറിയേണ്ടിയിരുന്നത്. 'കുടുംബശ്രീയില്‍ ജോലി ചെയ്യുന്ന സ്ത്രീകളും പുതുതലമുറയും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കാന്‍ എന്ത് ചെയ്യാന്‍ കഴിയും?'

'കാലാനുസൃതമായി പരിഷ്‌കരിച്ച കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ കണ്ടാല്‍ പുതുതലമുറ പോലും അന്തം വിട്ടുപോകും. പഴയ തലമുറയുടെ അനുഭവസമ്പത്തും പുതിയ തലമുറയുടെ നൂതന ആശയങ്ങളും കൈകോര്‍ത്താല്‍ നമുക്ക് ഒറ്റക്കെട്ടായി മുന്നേറാനാകും,' മന്ത്രി വ്യക്തമാക്കി.

ഒടുവില്‍, സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന മുന്‍വിധിയെക്കുറിച്ചുള്ള ചോദ്യമുയര്‍ന്നു. 'ഇപ്പോഴും സ്ത്രീകള്‍ കൂടിനിന്ന് സംസാരിക്കുന്ന ഇടങ്ങളില്‍ 'കുടുംബശ്രീ പെണ്ണുങ്ങളെപ്പോലെ സംസാരിക്കല്ലേ' എന്ന് പറയുന്ന ആളുകളുണ്ട്. ഈ മുന്‍വിധി ഒഴിവാക്കാന്‍ എന്ത് ചെയ്യണം?'

വേദിയിലും സദസ്സിലും ചിരി പടര്‍ത്തിയ രസകരമായ മറുപടിയാണ് മന്ത്രി നല്‍കിയത്. 'കൂടുതല്‍ സംസാരിക്കാനും സൂക്ഷ്മമായി നിരീക്ഷിക്കാനുമുള്ള സ്ത്രീകളുടെ സവിശേഷ സ്വഭാവം തന്നെയാണ് അവരുടെ ഉയര്‍ച്ചയ്ക്കുള്ള പടവുകളായി മാറുന്നത്. ഇപ്പോള്‍ ഒരു വേദിയിലും സ്ത്രീകളുടെ കയ്യില്‍ നിന്ന് മൈക്ക് തിരികെ വാങ്ങിക്കാന്‍ സാധിക്കാറില്ല. സ്ത്രീകളുടെ ഈ സ്വഭാവസവിശേഷതകള്‍ ക്രിയാത്മകമായി ഉപയോഗിക്കുമ്പോള്‍ അത് വലിയ നേട്ടങ്ങള്‍ക്ക് കാരണമാകും.'

മന്ത്രിയുടെ വാക്കുകളെ നിറഞ്ഞ കൈയടികളോടെയാണ് കടല്‍ത്തീരം ഏറ്റെടുത്തത്. സ്വന്തം ചിറകുകള്‍ വിരിച്ച് ആകാശം തൊടാനുള്ള ആത്മവിശ്വാസവുമായാണ് ഓരോ വിദ്യാര്‍ഥിനിയും കടപ്പുറത്തുനിന്ന് മടങ്ങിയത്.

date