Skip to main content

പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണം  ജില്ലാതല ആശയ രൂപീകരണ യോഗം നവംബർ 21ന്

 

സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആഭിമുഖ്യത്തിൽ രൂപീകരിക്കുന്ന പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ സംഘടിപ്പിക്കുന്ന ജില്ലാതല ആശയ രൂപീകരണ യോഗം നവംബർ 21 ന് (ശനിയാഴ്ച) സംഘടിപ്പിക്കും. പുന്നപ്ര കാർമൽ എഞ്ചിനിയറിങ് കോളേജിൽ രാവിലെ 10നു യോഗം ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആഭ്യന്തര, വിജിലൻസ്, കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല യോഗം ഉദ്‌ഘാടനം ചെയ്യും; എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം ലിജു അധ്യക്ഷനാകും.  രണ്ടു സെഷനുകളായി  സംഘടിപ്പിക്കുന്ന യോഗത്തിന്റെ ആദ്യ സെഷൻ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും; രണ്ടാം സെഷൻ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകീട്ട് അഞ്ചു മണിവരെയുമാണ്. 

ആദ്യ സെഷനിൽ മന്ത്രിമാരോടൊപ്പം, ജില്ലയിലെ എം എൽ എമാർ, തദ്ദേശസ്വയംഭരണ അധ്യക്ഷന്മാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും രണ്ടാം സെഷനിൽ വിവിധ മേഖലയിലെ വിഷയവിദഗ്ധർ, സംരംഭകർ, സാമൂഹികപ്രവർത്തകർ എന്നിവരും പങ്കെടുക്കും. 

പഞ്ചവത്സരപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് അടുത്ത അഞ്ചു വർഷത്തെ വികസന കാഴ്ചപ്പാടുകൾ, മുൻഗണന വിഷയങ്ങൾ തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്യും. കുട്ടനാട് പാക്കേജ്, കൃഷി, വിനോദസഞ്ചാരം, ജില്ലയിലെ വിവിധ വ്യവസായമേഖകൾ, ക്ഷീരവികസനം, സാംസ്‌കാരിക-സാമൂഹിക വ്യകസനം തുടങ്ങിയവ പരിഗണനാ മേഖലകളാണ്. വ്യവസായ പാർക്കുകളുടെ സ്ഥാപിക്കുന്നത്, പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീവനം എന്നിവയോടൊപ്പം ജില്ല തരിശുരഹിതമാക്കുന്നതിന്റെ ഭാഗമായി കാർഷിക മേഖലയുടെ വികസനം സംബന്ധിച്ചും യോഗം പരിഗണിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിശദീകരിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ശിവദാസനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

date