Skip to main content

2032ൽ 28 ലക്ഷം കോടി രൂപയുടെ സമ്പദ് വ്യവസ്ഥ ലക്ഷ്യം

* പതിനഞ്ചാം പഞ്ചവത്സര പദ്ധതി സമീപന രേഖ പ്രസിദ്ധീകരിച്ചു

        ഉത്പാദനക്ഷമതയുള്ള വളർച്ചയും സാമൂഹിക നീതിയും സമന്വയിപ്പിച്ച് പുതുയുഗ കേരളം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെ പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ (2027-32) സമീപന രേഖ സംസ്ഥാന ആസൂത്രണ ബോർഡ് പ്രസിദ്ധീകരിച്ചു. സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ, സ്വകാര്യ സംരംഭകർ, പ്രവാസികൾ എന്നിവരെ പങ്കാളികളാക്കുന്ന പങ്കാളിത്ത സമ്പദ് വ്യവസ്ഥ മാതൃകയിലൂടെ 2031-32 ആകുമ്പോഴേക്കും കേരളത്തിന്റെ സമ്പദ് വ്യവസ്ഥ 16 ലക്ഷം കോടിയിൽ നിന്നും 28 ലക്ഷം കോടി രൂപയായി ഉയർത്തുകയാണ് ലക്ഷ്യം. ഏഴ് ശതമാനം വാർഷിക വളർച്ച കൈവരിക്കുന്നതിനൊപ്പം തൊഴിലില്ലായ്മ കുറയ്ക്കാനും ലക്ഷ്യമിടുന്നു.

        വിഴിഞ്ഞം തുറമുഖം, മിഷൻ സമുദ്ര, വ്യോമയാന മേഖല എന്നിവയെ ബന്ധിപ്പിച്ചുള്ള ലോജിസ്റ്റിക്‌സ് വികസനം, സ്റ്റാർട്ടപ്പുകൾ, ഉത്തരവാദിത്ത ടൂറിസം, മത്സ്യബന്ധന-കാർഷിക മേഖലകളുടെ നവീകരണം എന്നിവയിലൂടെയാകും വളർച്ച കൈവരിക്കുക. ഇന്ദിര ഗ്യാരണ്ടികൾ നടപ്പിലാക്കുന്നതിനൊപ്പം അഞ്ച് ലക്ഷം വീടുകൾ നിർമിച്ച് ചേരിരഹിത കേരളം യാഥാർഥ്യമാക്കാനും റോഡപകടങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ പകുതിയായി കുറയ്ക്കാനും പ്രത്യേക മിഷനുകൾ രൂപീകരിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സിൽവർ ഇക്കോണമിയും യുവജനങ്ങൾക്കായി യുവകേരളം മിഷനും നടപ്പിലാക്കും.

        പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പ് SMART (Specific, Measurable, Achievable, Result-oriented and Time-bound) മാതൃകയിൽ ആയിരിക്കും. സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യം നേടുന്നതിന് എഴ് പ്രധാന ഗ്രോത്ത് എൻജിനുകളാണ് നിർദേശിക്കുന്നത്. മിഷൻ സമുദ്രയിൽ ഉൾപ്പെടുന്ന തുറമുഖങ്ങളുടെ വികസനം, വ്യോമയാനം, ധാതുഖനനം, മെഡിക്കൽ ഉപകരണ മേഖലയിലെ നിക്ഷേപങ്ങൾ, പരമ്പരാഗത വ്യവസായങ്ങൾ, സ്വർണ്ണം, ഫർണിച്ചർ മുതലായവയുടെ വികസനം, സേവന സമ്പദ് വ്യവസ്ഥയുടെ പുരോഗതി, കൃഷിയുടെയും തോട്ടവിളയുടെയും വളർച്ച എന്നിവയും പ്രധാന ലക്ഷ്യങ്ങളാണ്.

        സഹകരണ സംഘങ്ങൾ, ഭക്ഷ്യസുരക്ഷ, ബ്ലു ഇക്കോണമി, കായിക മേഖലയുടെ വളർച്ച, മുതിർന്നവർക്കും പ്രായമായവർക്കും വേണ്ടിയുള്ള സംയോജിത കരുതലിനായുള്ള സിൽവർ ഇക്കോണമി എന്നിവയ്ക്കും സമീപന രേഖ പ്രാധാന്യം നൽകുന്നു. പദ്ധതികളുടെ നിർവഹണം പ്ലാൻ സ്‌പേസ് 3.0 വഴി പൊതുജനങ്ങൾക്ക് നേരിട്ട് നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കും.

പി.എൻ.എക്‌സ്. 4885/2026

date