Skip to main content

കോഴിക്കോട് എൻ.എസ്.ടി.ഐയിൽ കൗശൽ ദീക്ഷാന്ത് സമാരോഹ് 21-ന്

 

പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും

കോഴിക്കോട് നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (എൻ.എസ്.ടി.ഐ) പരിശീലനം പൂർത്തിയാക്കിയവരുടെ ബിരുദദാന ചടങ്ങായ 'കൗശൽ ദീക്ഷാന്ത് സമാരോഹ് 2026' നവംബർ 21-ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് ഗോവിന്ദപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയാകും. വാർഡ് കൗൺസിലർ കവിത അരുൺ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ വിവിധ ട്രേഡുകളിൽ വിജയകരമായി പരിശീലനം പൂർത്തിയാക്കിയവർക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നത്. സംസ്ഥാനതലത്തിൽ മികച്ച നേട്ടം കൈവരിച്ചവരെയും ഓരോ ട്രേഡിലെയും മികച്ച ട്രെയിനികളെയും ചടങ്ങിൽ ആദരിക്കും.

മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഇ.പി.ഡി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സോളാർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ), ഡ്രോൺ ടെക്നീഷ്യൻ, ഐ.ഒ.ടി സ്മാർട്ട് ഹെൽത്ത് കെയർ ടെക്നീഷ്യൻ, വെൽഡർ എന്നീ ട്രേഡുകളിലെ വിദ്യാർത്ഥികൾക്കാണ് സർട്ടിഫിക്കറ്റുകൾ നൽകുക. 

ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പലും ജോയിന്റ് ഡയറക്ടറുമായ വി. വെങ്കിടേഷ്, അസിസ്റ്റന്റ് ഡയറക്ടർ പി.എസ്. രജനി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

date