ശിശുദിനാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും
ഘോഷയാത്ര മോയന്‍ എല്‍.പി സ്കൂളില്‍ നിന്ന് ആരംഭിക്കും
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷ പരിപാടികള്‍ ഇന്ന് (നവംബര്‍ 14) തുടക്കമാകും.രാവിലെ ഒന്‍പതിന് മോയന്‍ എല്‍. പി സ്കൂളില്‍ നിന്നാരംഭിക്കുന്ന ശിശുദിന ഘോഷയാത്ര ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ റോഷന് ഷാ ഫ്ലാഗ് ഓഫ് ചെയ്യും.
കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കര്‍ എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കും. ജൂനിയര്‍ റെഡ് ക്രോസ്, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ എന്നിവര്‍ തനത് വേഷത്തിലും മറ്റ് വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ യൂണിഫോമിലും റാലിയില്‍ അണിനിരക്കും. ഘോഷയാത്ര പി. എം.ജി ഹൈസ്കൂളില്‍ സമാപിക്കുന്നതോടെ ഉദ്ഘാടന സമ്മേളനത്തിന് തുടക്കമാകും.
കുട്ടികളുടെ പ്രധാനമന്ത്രിയായ പെരുമാങ്ങോട് എ. എല്‍. പി സ്കൂളിലെ കെ. പി. ശിവന്യ ദേശീയ പതാക ഉയര്‍ത്തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ പ്രസിഡന്റ് കോങ്ങാട് ജി. യു.പി സ്കൂളിലെ ശ്രേയ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ കെ.സുധീര്‍ മുഖ്യാതിഥിയാകും. കളക്ടര്‍ ശിശുദിന സന്ദേശം നല്‍കുകയും വിവിധ മത്സരങ്ങളില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്യും.
കുട്ടികളുടെ സ്പീക്കറായ കരിപ്പോട് വിദ്യോദയ സ്കൂളിലെ സന ഫാത്തിമ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എം.സലീന ബീവി ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും. ജിയ കൃഷ്ണ സ്വാഗതവും വിദ്യോദയ സ്കൂളിലെ ഇഷിത നന്ദിയും പറയും.
പരിപാടിയില്‍ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പി. കൃഷ്ണന്‍കുട്ടി, വൈസ് പ്രസിഡന്റ് ആര്.ശിവന്, ജോയിന്റ് സെക്രട്ടറി കെ.എം വാസുദേവന്‍, ട്രഷറര്‍ എന്‍.സരിത, എക്സിക്യൂട്ടീവ് അംഗങ്ങളായ സുരേഷ് കുമാര്‍, ദണ്ഡപാണി മാസ്റ്റര്‍, സുലോചന, കെ.രമണി, പാലക്കാട് എഇഒ രമേഷ് പാറപ്പുറം, പി.എം.ജി ഹൈസ്കൂള്‍ പ്രിന്‍സിപ്പാള്‍,ഹെഡ്മിസ്ട്രസ് നിര്‍മ്മല, മോയന്‍ എല്‍.പി സ്കൂള്‍ ഹെഡ്മാസ്റ്റര് ഇ.ടി സാബു എന്നിവര്‍ പങ്കെടുക്കും.
- Log in to post comments