Skip to main content

‘കളിക്കളം 2026’-ന് ആവേശോജ്ജ്വല തുടക്കം; വിദ്യാർഥികൾക്ക് മന്ത്രിയുടെ സ്‌നേഹസമ്മാനമായി ഏകദിന വിനോദയാത്ര

പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള 22 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും 113 ഹോസ്റ്റലുകളിലെയും വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന ഒൻപതാമത് സംസ്ഥാനതല കായികമേള 'കളിക്കളം 2026'-ന് കാര്യവട്ടം എൽ.എൻ.സി.പി.ഇ മൈതാനത്ത് ആവേശോജ്ജ്വല തുടക്കം. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല കായികമേളയുടെ പതാക ഉയർത്തലും കായികജ്വാല തെളിയിക്കലും നിർവഹിച്ചു. വിദ്യാർഥികൾക്ക് കായികമേളാ പ്രതിജ്ഞ മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ കെ.വി. ധനേഷും ലഹരിവിരുദ്ധ പ്രതിജ്ഞ മന്ത്രി രമേശ് ചെന്നിത്തലയും ചൊല്ലിക്കൊടുത്തു. കട്ടേല സ്‌കൂളിലെ വിദ്യാർഥികളുടെ ആകർഷകമായ ഫ്ലാഷ് മോബും ചടങ്ങിന് മാറ്റുകൂട്ടി. 

കായികമേളയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച പട്ടികജാതി പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി വിദ്യാർഥികൾക്കായി സ്‌നേഹസമ്മാനമെന്ന നിലയിൽ സുപ്രധാന പ്രഖ്യാപനം നടത്തി. നിലവിൽ പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർഥികൾക്കു മാത്രമാണ് വർഷാവസാനം വിനോദയാത്ര സംഘടിപ്പിക്കുന്നത്. എന്നാൽ ഹോസ്റ്റലുകൾ സന്ദർശിക്കുമ്പോൾ ഒന്നാം ക്ലാസ് മുതൽ പ്ലസ് വൺ വരെയുള്ള കുട്ടികൾ നിരന്തരമായി വിനോദയാത്ര വേണമെന്ന ആവശ്യം ഉന്നയിക്കാറുണ്ടായിരുന്നു. കുട്ടികളുടെ പഠനരംഗത്തെ മികവിനും കഠിനാധ്വാനത്തിനും ഉത്സാഹത്തിനുമുള്ള സ്‌നേഹസമ്മാനമായാണ് ഈ വർഷം മുതൽ ഒന്നാം ക്ലാസ് മുതൽ പ്ലസ് വൺ വരെയുള്ള മുഴുവൻ കുട്ടികൾക്കും ഏകദിന വിനോദയാത്ര ഒരുക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

പി.എൻ.എക്‌സ്. 4897/2026

date