ആലപ്പുഴ ജില്ലയിൽ പുതിയ ആധാർ സേവ കേന്ദ്രം ഇന്ന് മുതൽ
ജില്ലയിലെ പൊതുജനങ്ങൾക്ക് ആധാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും സുഗമമായും ലഭ്യമാക്കുന്നതിനായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) പുതിയ ആധാർ സേവ കേന്ദ്രം ആലപ്പുഴയിൽ ആരംഭിക്കുന്നു. ഇന്ന് (നവംബർ 21) രാവിലെ 9:30 ന് ആലപ്പുഴ കൈതവനത്തിൽ പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ഷാജി വി നായർ നിർവഹിക്കും.
ജില്ലയിൽ യു.ഐ.ഡി.എ.ഐ. നേരിട്ട് നടത്തുന്ന ഏക ആധാർ സേവ കേന്ദ്രമാണിത്.
നാല് ആധാർ കിറ്റുകളുള്ള മോഡൽ സി കേന്ദ്രം നഗരസഭ വാർഡ് 11, കൈതവനം എൻ.എസ്. ബോസ് റോഡിലുള്ള കളത്തിൽ കെട്ടിടത്തിലാണ് പ്രവർത്തിക്കുക.
ജില്ലയിൽ ആധാർ എൻറോൾമെന്റ്, അപ്ഡേറ്റ് സേവനങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം മുൻനിർത്തിയാണ് പുതിയ കേന്ദ്രം സ്ഥാപിച്ചത്. നിലവിലുള്ള സേവന കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാനും, ആധാർ സംബന്ധമായ പരാതികൾക്ക് യു.ഐ.ഡി.എ.ഐ. നേരിട്ട് പരിഹാരം കാണുന്ന ഫലപ്രദമായ സംവിധാനം ഒരുക്കാനും പുതിയ സേവ കേന്ദ്രത്തിലൂടെ സാധിക്കും.
- Log in to post comments