വോട്ടവകാശ ബോധവത്കരണം: വിദ്യാർഥികൾക്കായി ജില്ലാതല ക്വിസ്, ഉപന്യാസ മത്സരങ്ങൾ സംഘടിപ്പിച്ചു
യുവ വോട്ടർമാരിലും ഭാവി വോട്ടർമാരിലും തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചും വോട്ടവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണന്റെ സ്വീപ് പദ്ധതിയുടെ ഭാഗമായി ജില്ലാതല ക്വിസ്, ഉപന്യാസ മത്സരങ്ങൾ സംഘടിപ്പിച്ചു.
സ്കൂൾ, കോളജ് തലങ്ങളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെ (ഇഎൽസി) ആഭിമുഖ്യത്തിൽ പട്ടം ജില്ലാ പഞ്ചായത്ത് ഹാളിലായിരുന്നു മത്സരങ്ങൾ നടന്നത്. ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്നും കോളജുകളിൽനിന്നുമായി 150 വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. ഉപന്യാസ രചനാ മത്സരത്തിൽ 60 പേരും ക്വിസ് മത്സരത്തിൽ 90 പേരും പങ്കെടുത്തു.
'കുറ്റമറ്റ വോട്ടർപട്ടികയുടെ പ്രാധാന്യം', 'വോട്ടിങ്ങിന്റെ പ്രാധാന്യം' എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു ഉപന്യാസ മത്സരം. വോട്ടർപട്ടിക തയ്യാറാക്കൽ, ഇവിഎം–വിവിപാറ്റ് സംവിധാനം, വോട്ടെടുപ്പ്, വോട്ടെണ്ണൽ പ്രക്രിയ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയായിരുന്നു ക്വിസ് മത്സരം.
ജില്ലയിലെ ഇഎൽസി കോർഡിനേറ്റർമാരും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. മത്സരഫലങ്ങൾ നവംബർ 23ന് പ്രഖ്യാപിക്കും. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ജില്ലാ കളക്ടർ വിതരണം ചെയ്യും.
- Log in to post comments