Skip to main content

കാര്യവട്ടം ക്യാമ്പസിലെ ഹോസ്റ്റൽ ജീവനക്കാരിയുടെ മരണം മലേറിയ ബാധിച്ചല്ല: ഡിഎംഒ

ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ ഹോസ്റ്റൽ ജീവനക്കാരിയുടെ മരണം മലേറിയ ബാധിച്ചല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) അറിയിച്ചു. ക്യാമ്പസിലെ വനിതാ ഹോസ്റ്റലുകളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇതുവരെ 10 ഡെങ്കിപ്പനി കേസുകളാണ് ക്യാമ്പസിൽ റിപ്പോർട്ട് ചെയ്തത്.

പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്ററിന്റെ (ഐഎഫ്എച്ച്സി) നേതൃത്വത്തിൽ ക്യാമ്പസിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി. കൊതുകുകളുടെ പ്രജനന സാധ്യതയുള്ള ഉറവിടങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിനൊപ്പം കൊതുകുനശീകരണത്തിനായി ഫോഗിങ്ങും സ്പ്രേയിങ്ങും നടത്തി. രോഗപ്രതിരോധത്തെക്കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തമാക്കി.

സാഹചര്യം വിലയിരുത്തുന്നതിനും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി നവംബർ 16, 17 തീയതികളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും സർവകലാശാല അധികൃതരുടെയും നേതൃത്വത്തിൽ അവലോകന യോഗങ്ങൾ ചേർന്നു. ജില്ലാ സർവൈലൻസ് ഓഫീസറുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി ദിവസേന വിലയിരുത്തുന്നുണ്ട്.

ഡെങ്കിപ്പനി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളിൽ വിദ്യാർഥികളും ജീവനക്കാരും സർവകലാശാല അധികൃതരും ആരോഗ്യവകുപ്പുമായി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു.

date