Skip to main content

കർഷകർ ബാങ്ക് വിവരങ്ങൾ കൃത്യമാക്കണം

പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി, വിള ഇൻഷുറൻസ് പദ്ധതി എന്നിവ പ്രകാരം കർഷകർക്ക് അനുവദിച്ചിട്ടുള്ള ധനസഹായം ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുന്നതിൽ തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, കർഷകർ തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് കൃഷി ഡയറക്ടറേറ്റ് അറിയിച്ചു.

വർഷങ്ങൾക്ക് മുമ്പ് രജിസ്റ്റർ ചെയ്ത അപേക്ഷകളിൽ രേഖപ്പെടുത്തിയിട്ടുള്ള ബാങ്ക് അക്കൗണ്ട് നമ്പർ, IFSC കോഡ്, അക്കൗണ്ട് ഉടമയുടെ പേര് എന്നിവയിലെ പിഴവുകളും നിലവിലെ ബാങ്ക് രേഖകളുമായുള്ള പൊരുത്തക്കേടുകളുമാണ് ധനസഹായം കൈമാറുന്നതിന് പ്രധാന തടസ്സമാകുന്നത്. വലിയ തുകയുടെ ധനസഹായം വിതരണം ചെയ്യേണ്ട സാഹചര്യത്തിൽ ഇത്തരം ചെറിയ പിഴവുകൾ പോലും പണമിടപാട് നടപടികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

        ഈ സാഹചര്യത്തിൽ എല്ലാ കർഷകരും ബന്ധപ്പെട്ട കൃഷിഭവനുമായി ഉടൻ ബന്ധപ്പെടണം. അപേക്ഷകളിൽ നൽകിയിട്ടുള്ള ബാങ്ക് അക്കൗണ്ട് നമ്പർ, IFSC കോഡ്, അക്കൗണ്ട് ഉടമയുടെ പേര് എന്നിവ ബാങ്ക് രേഖകളുമായി ഒത്തുനോക്കി കൃത്യമാണെന്ന് ഉറപ്പാക്കണം. എന്തെങ്കിലും പിഴവുകളോ മാറ്റങ്ങളോ ഉണ്ടെങ്കിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി പുതുക്കിയ ബാങ്ക് വിവരങ്ങൾ കൃഷിഭവനിൽ സമർപ്പിക്കണം.

കർഷകർക്ക് അർഹമായ ധനസഹായം തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി സമയബന്ധിതമായി ഈ നടപടികൾ പൂർത്തിയാക്കണമെന്നും കൃഷി ഡയറക്ടറേറ്റ് അറിയിച്ചു.

പി.എൻ.എക്‌സ്. 4914/2026

date