ഓപ്പറേഷൻ പൈതൽ: അഴീക്കലിൽ അനധികൃത ലൈറ്റ് ഫിഷിങ് ഉപകരണങ്ങളുമായി ബോട്ട് പിടികൂടി
അനധികൃത മത്സ്യബന്ധനം തടയുന്നതിനായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ പൈതലി'ന്റെ ഭാഗമായി അഴീക്കൽ ഹാർബറിൽ നടത്തിയ പരിശോധനയിൽ നടപടി. നിരോധിത ലൈറ്റ് ഫിഷിങ് ഉപകരണങ്ങളുമായി മത്സ്യബന്ധനത്തിന് പുറപ്പെടുകയായിരുന്ന കോഴിക്കോട് രജിസ്ട്രേഷനിലുള്ള 'ഹിസ്മത്ത്-3' എന്ന ട്രോളിംഗ് ബോട്ടാണ് ഫിഷറീസ് സംഘം പിടികൂടിയത്. ബോട്ടുടമയിൽ നിന്നും 2,50,000 രൂപ പിഴ ഈടാക്കി.
കണ്ണൂർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ജെ ജെ താരയുടെ നേതൃത്വത്തിലുള്ള സംഘം അഴീക്കൽ ഹാർബറിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ബോട്ട് പിടിയിലായത്. യാനത്തിൽ നടത്തിയ പരിശോധനയിൽ ലൈറ്റ് ഫിഷിങ്ങിനായി ഉപയോഗിക്കുന്ന രണ്ട് ജനറേറ്റർ സെറ്റുകൾ,1000 വാട്ട് ശേഷിയുള്ള ലൈറ്റുകൾ, അനുബന്ധ ഉപകരണങ്ങൾ, 10 എം.എം കണ്ണിവലിപ്പമുള്ള വല, ചൂണ്ട എന്നിവ കണ്ടെത്തി. തുടർന്ന് ബോട്ട് കസ്റ്റഡിയിലെടുത്ത് പിഴ ഈടാക്കിയ ശേഷം വിട്ടുനൽകി.
സ്പെഷ്യൽ പെർമിറ്റ് അടയ്ക്കാതെ എത്തിയ കർണാടക രജിസ്ട്രേഷനുള്ള 'വജ്രേശ്വരി', 'ശ്രീ അനുഗ്രഹ' എന്നീ യാനങ്ങളും സംഘം കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ സ്വീകരിച്ചു.
മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ എൻ. സജീവ്, പ്രജോഷ്, ശ്രീരാജ്, റെസ്ക്യൂ ഗാർഡുമാരായ പ്രസൂൺ, രാഹുൽ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
- Log in to post comments