Skip to main content

ട്രാക്ക് മാറ്റി സ്വർണ്ണം കൊയ്ത് ദിവ്യ; പരിക്കിനെ തോൽപ്പിച്ച് ദ്വിദേശ്

സ്‌കൂൾ കായിക ജീവിതത്തിലെ അവസാന 'കളിക്കളം' സ്വർണ്ണത്തിളക്കത്തോടെ അവിസ്മരണീയമാക്കി കെ.ദിവ്യയും ദ്വിദേശും. 'കളിക്കളം 2026'ലെ സീനിയർ വിഭാഗം 1500 മീറ്റർ ഓട്ടത്തിലാണ് ഇരുവരും സ്വർണ്ണമെഡൽ അണിഞ്ഞത്. കണിയാമ്പറ്റ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥിനിയായ ദിവ്യ പെൺകുട്ടികളുടെ വിഭാഗത്തിലും, സുൽത്താൻ ബത്തേരി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിനെ പ്രതിനിധീകരിച്ച ദ്വിദേശ് ആൺകുട്ടികളുടെ വിഭാഗത്തിലുമാണ് ഒന്നാമതെത്തിയത്.

ആദ്യ പരീക്ഷണത്തിൽത്തന്നെ സ്വർണ്ണം നേടാനായതിന്റെ സന്തോഷത്തിലാണ് മലപ്പുറം ഇടവണ്ണ സ്വദേശിനിയായ ദിവ്യ. നേരത്തെ 100, 400 മീറ്റർ ഇനങ്ങളിൽ ട്രാക്കിലിറങ്ങിയിരുന്ന ദിവ്യ, ദീർഘദൂര ഓട്ടത്തിലുള്ള തന്റെ മികവ് തിരിച്ചറിഞ്ഞതോടെയാണ് ഇത്തവണ 1500 മീറ്ററിലേക്ക് മാറിയത്. ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കായികമേളയിലും മികച്ച പ്രകടനം കാഴ്ചവെച്ച ദിവ്യ, പരിശീലകൻ സത്യൻ വി.എമ്മിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. ഇടവണ്ണ സ്വദേശികളായ രാമൻസ്മിത ദമ്പതികളുടെ മകളാണ്.

പരിക്കുകൾ തീർത്ത പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്നാണ് വയനാട് കാക്കവയൽ സ്വദേശിയായ ദ്വിദേശ് സ്വർണ്ണം നിലനിർത്തിയത്. കഴിഞ്ഞ വർഷത്തെ 'കളിക്കള'ത്തിൽ 800, 1500 മീറ്റർ ഇനങ്ങളിൽ ഇരട്ടസ്വർണ്ണം നേടിയിരുന്ന ദ്വിദേശിന്റെ 1500 മീറ്ററിലെ തുടർച്ചയായ രണ്ടാം സ്വർണ്ണമാണിത്. ഇത്തവണ 3000 മീറ്റർ മത്സരമില്ലാത്തതിനാൽ വരും ദിവസങ്ങളിൽ നടക്കുന്ന 400 മീറ്റർ ട്രാക്കിലും ദ്വിദേശ് കരുത്തുകാട്ടാനിറങ്ങും. ലക്ഷ്മിചെട്ടിയൻ ദമ്പതികളുടെ മകനാണ്. സിജിനാണ് പരിശീലകൻ. 

പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർഥികളായ ഇരുവർക്കും സീനിയർ വിഭാഗത്തിൽ ഇത് അവസാന 'കളിക്കളം' മേളയാണ്. സ്‌കൂൾ തലത്തിലെ അവസാന പോരാട്ടം സ്വർണ്ണനേട്ടത്തോടെ പൂർത്തിയാക്കാനായതിന്റെ അഭിമാനത്തിലാണ് ഇരുവരും ട്രാക്ക് വിടുന്നത്.

date