Skip to main content

കുട്ടികൾക്ക് ആവേശം പകർന്ന് മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റനും 'കളിക്കള'ത്തിൽ

കളിക്കളത്തിലെ ആവേശങ്ങൾക്കും ഓർമകൾക്കും വീണ്ടും സാക്ഷിയായി മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ കെ.വി. ധനേഷ്. ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ കരിന്തളത്തിലെ ടെക്‌നിക്കൽ ഡയറക്ടറായ അദ്ദേഹം, പട്ടികവർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കായികമേളയിൽ കുട്ടികൾക്ക് പ്രചോദനവും ഊർജവും പകർന്ന് ഇക്കുറിയും സജീവ സാന്നിധ്യമായി.

കായികരംഗത്തെ തന്റെ അനുഭവങ്ങളും ഓർമകളും കുട്ടികളുമായി പങ്കുവെച്ച അദ്ദേഹം വിജയത്തിലേക്കുള്ള വഴിയിൽ കഠിനാധ്വാനത്തിനും സ്വയം വിലയിരുത്തലിനുമുള്ള പ്രാധാന്യം ഓർമിപ്പിച്ചു. ചിട്ടയായ പരിശീലനവും നിരന്തര പരിശ്രമവുമാണ് മികച്ച നേട്ടങ്ങളിലേക്ക് നയിക്കുന്നത്. ഓരോ മത്സരത്തിനുശേഷവും സ്വന്തം പ്രകടനം വിലയിരുത്തുകയും പിഴവുകൾ തിരിച്ചറിഞ്ഞ് തിരുത്തുകയും വേണം. ജയവും തോൽവിയും മാത്രമല്ല, കഴിവുകൾ പ്രകടിപ്പിക്കാനും മികവ് തെളിയിക്കാനുമുള്ള അവസരമാണ് ഇത്തരം കായികമേളകളെന്നും അദ്ദേഹം പറഞ്ഞു.

മുൻകാലങ്ങളെ അപേക്ഷിച്ച് കായികപ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്ക് മികച്ച പരിശീലനവും സൗകര്യങ്ങളും ഒരുക്കുന്നതിനും ഇന്ന് കൂടുതൽ അവസരങ്ങളുണ്ട്. കളിക്കളം അതിന് മികച്ച ഉദാഹരണമാണ്. ദേശീയ, അന്തർദേശീയ തലങ്ങളിൽ മത്സരിക്കണമെന്ന സ്വപ്നവുമായി എത്തുന്ന കുട്ടികൾക്ക് ഇത്തരം വേദികൾ വലിയ പ്രചോദനമാണ്. ഒരു വർഷത്തെ കാത്തിരിപ്പിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഓരോ കുട്ടിക്കും കളിക്കളം നൽകുന്ന ഈ അവസരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്ഘാടനച്ചടങ്ങിൽ വിദ്യാർഥികൾക്ക് കായികമേള പ്രതിജ്ഞ ചൊല്ലിക്കൊടുക്കാനും ധനേഷിന് അവസരം ലഭിച്ചു.

date