ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾകൊള്ളണം: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
* ഭരണഘടനാദിനാചരണം സംസ്ഥാനതല ഉദ്ഘാടനം
ഭരണഘടനയുടെ ധാർമികത ഉൾക്കൊണ്ടും സംരക്ഷിച്ചും പുതിയ തലമുറ മുന്നോട്ടു പോകണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും വരുംതലമുറകൾക്കായി സംരക്ഷിച്ചു കൈമാറാൻ ഭരണഘടനയുടെ മൂല്യങ്ങൾ വിട്ടുവീഴ്ചയില്ലാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട്, ഗവ. ലോ കോളജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഭരണഘടനാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. ലോ കോളേജിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടന ജനങ്ങളുടെ ജീവിതരേഖയും ജീവശ്വാസവുമാണ്. എക്സിക്യൂട്ടീവ് അധികാരങ്ങൾ അധികരിച്ചു പോകാൻ പാടില്ലെന്നും വ്യക്തിസ്വാതന്ത്ര്യത്തിന് തടസ്സമാകാത്ത വിധത്തിൽ അത് നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി. ഭരണഘടനാ നിർമ്മാണ സഭയിൽ അംഗമായിരുന്ന മലയാളി വനിത ദാക്ഷായണി വേലായുധനെ സ്പീക്കർ അനുസ്മരിച്ചു.
യോഗത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായ ജ്യോതികുമാർ ചാമക്കാല എംഎൽഎ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ‘ഭരണഘടനാ ധാർമികതയും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ പ്രത്യേക പ്രഭാഷണം നടത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് ഡയറക്ടർ ജനറൽ ഡോ. ജുവൽ ജോൺ ആലപ്പാട്ട്, ഗവൺമെന്റ് ലോ കോളജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. ഹമീമ എം, മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് രജിസ്ട്രാർ സുദർശനൻ എ.കെ., തിരുവനന്തപുരം ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ജിഷ അബ്രഹാം, ഗവ. ലോ കോളജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സലീന യു എന്നിവർ സംസാരിച്ചു.
പി.എൻ.എക്സ്. 4915/2026
- Log in to post comments