മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ ജലസഭ സംഘടിപ്പിച്ചു
കാലാവസ്ഥാ വ്യതിയാനം, എൽ നിനോ തുടങ്ങിയ പ്രതിഭാസങ്ങൾ മൂലമുണ്ടാകുന്ന ജലക്ഷാമം ഉൾപ്പെടെയുള്ള പ്രതിസന്ധികളെ മറികടക്കുന്നതിനും മാർഗ്ഗനിർദേശങ്ങൾ നൽകുന്നതിനുമായി മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ ജലസഭ സംഘടിപ്പിച്ചു. ജലസഭ മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് ഉദ്ഘാടനം ചെയ്തു.
മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്, സുസ്ഥിര ഫൗണ്ടേഷൻ, തുരുത്തിക്കര സയൻസ് സെൻ്റർ എന്നിവയുടെ നേതൃത്വത്തിലാണ് ജലസഭ നടത്തിയത്. ജനകീയ കാലാവസ്ഥാ നിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ പതിനൊന്നിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മഴമാപിനികളിലെ മഴയളവു പ്രകാരം മഴലഭ്യതയിൽ ഗണ്യമായ കുറവു വന്നിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളെ മറികടക്കാനുള്ള അന്വേഷണത്തിൻ്റെ ഭാഗമായിട്ടുകൂടിയാണ് ജലസഭ സംഘടിപ്പിച്ചത്.
ജലവിഭവ പരിപാലനവും ജലസുരക്ഷയും എന്ന വിഷയത്തിൽ കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ ഡോ. കെ.ആർ രഞ്ജിത് അവതരണം നടത്തി. ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻ്റ് ടെക്നോളജിയിലെ സി.ജെ ചിത്ര, എസ്. സംഗീത എന്നിവരുടെ നേതൃത്വത്തിൽ ജല ഗുണത: പ്രശ്നങ്ങളും പരിഹാരവും എന്ന വിഷയത്തിലും അവതരണം നടന്നു. സുസ്ഥിര ഫൗണ്ടേഷൻ പ്രോഗ്രാം മാനേജർ ആഗ്നസ് മറിയ മോഡറേറ്ററായി.
തുരുത്തിക്കര സയൻസ് സെൻ്ററിൽ നടത്തിയ ജലസഭയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മുളന്തുരുത്തി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെറിൻ റ്റി. ഏലിയാസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഡോ. പി.ജി. ശങ്കരൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments