Skip to main content

തിരുവാങ്കുളം വയലിൽ റോഡ് നാടിന് സമർപ്പിച്ചു

മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു

 തിരുവാങ്കുളം വയലിൽ നിവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് തിരുവാങ്കുളം വയലിൽ റോഡിന്റെ കാന നിർമ്മാണവും  കാനയുടെ ഇരുവശങ്ങളിലായി കട്ട വിരിക്കലും ഉൾപ്പെടെയുള്ള  പ്രവൃത്തികൾ പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു. റോഡിന്റെ  ഉദ്ഘാടനം ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു.

വർഷകാലങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിൽ മഴവെള്ളം കെട്ടിനിന്ന്  യാത്രക്കാർക്കും സമീപപ്രദേശ വാസികൾക്കും ഏറെ പ്രയാസകരമായിരുന്നു. കാനയുടെ നിർമ്മാണം പൂർത്തീകരിച്ചതോടെ  ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനായെന്ന്  മന്ത്രി പറഞ്ഞു. നവീകരണ പ്രവൃത്തികൾ എത്രയും പെട്ടെന്ന് സാധ്യമാക്കേണ്ട നിരവധി റോഡുകൾ മണ്ഡലത്തിലുണ്ട്. അവ വേഗത്തിൽ നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ചാണ്  റോഡ് നവീകരണം  സാധ്യമാക്കിയത്. 

 ചടങ്ങിൽ തൃപ്പൂണിത്തുറ മുനിസിപ്പൽ കൗൺസിലർ   സി എ  ഷാജി അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ  മുനിസിപ്പൽ ചെയർമാൻ പി എൽ ബാബു മുഖ്യപ്രഭാഷണവും മുൻ കൗൺസിലറും അംഗൻവാടി ടീച്ചറുമായ എൽ സി കുര്യാക്കോസ് സ്വാഗതവും പറഞ്ഞു.  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു ബിനു, കൗൺസിലർമാരായ കെ ആർ സുകുമാരൻ, രോഹിണി ഉണ്ണികൃഷ്ണൻ, ജിൻസി റോയി, മറ്റു ജനപ്രതിനിധികൾ, വയലിൻ റോഡ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പൗലോസ്, കക്ഷിരാഷ്ട്രീയ നേതാക്കന്മാർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

date