സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ വിവരാവകാശ നിയമം ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തണം: മുഖ്യ വിവരാവകാശ കമ്മിഷണർ
സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ വിവരാവകാശ നിയമം ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്ന്
മുഖ്യ വിവരാവകാശ കമ്മിഷണർ വി ഹരി നായർ പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മിഷൻ ചിതറ , കുളത്തുപ്പുഴ പഞ്ചായത്തുകളിലെ 12 ഉന്നതികളിലെ നിവാസികൾക്കായി കുളത്തൂപ്പുഴ, കല്ലുവെട്ടാംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വിവകാശ നിയമ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉന്നതി നിവാസികൾക്കായി ധാരാളം പദ്ധതികൾ നിലവിലുണ്ട്. എന്നാൽ, പദ്ധതികളെക്കുറിച്ചുള്ള വിശദവിവരങ്ങൾ പലർക്കും അറിയില്ല. എങ്ങനെ അത് പ്രയോജനപ്പെടുത്തണമെന്നും അറിയില്ല. 2005 ൽ നിലവിൽ വന്ന ജനാധിപത്യത്തിന്റെ സൂര്യതേജസ്സ് എന്ന് വിളിക്കപ്പെടുന്ന വിവരാവകാശ നിയമത്തിലൂടെ പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ മനസ്സിലാക്കണം.
സർക്കാർ ഉദ്യോഗസ്ഥ നടപടികൾ സുതാര്യമായി നടക്കുന്നതിന് ഓരോ ഫയലിലും എന്തെഴുതുന്നുവെന്ന് ജനങ്ങൾ അറിയണം. വിവരാവകാശ നിയമത്തെക്കുറിച്ച് ധാരണയില്ലാത്തവർക്ക് അത് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ട ഉത്തരവാദിത്തം ഉന്നതികളിലെ പ്രൊമോട്ടർമാർക്കുണ്ടെന്നും മുഖ്യ വിവരാവകാശ കമ്മിഷണർ പറഞ്ഞു.
സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. സോണിച്ചൻ പി ജോസഫ് അധ്യക്ഷനായി. സംസ്ഥാന വിവരവാകാശ കമ്മിഷണർ ഡോ. എം ശ്രീകുമാർ വിവരാവകാശ നിയമം പരിചയപ്പെടുത്തി. സംസ്ഥാന വിവരാവകാശ കമ്മിഷൻ, റിസോഴ്സ് പേഴ്സൺ കെ പ്രസാദ് സംശയ നിവാരണം നടത്തി. ജില്ല ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ കെ വി രാഘവൻ, കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എം സൈനബ ബീവി, വിവിധ വാർഡ് അംഗങ്ങളായ ആർ അഞ്ജലി, വിദ്യാവിജയൻ, ബി എസ് വിഷ്ണു, സ്കൂൾ പ്രിൻസിപ്പൽ എൻ സുരേഷ്, ജി എൻ ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.
- Log in to post comments