കളിക്കളം 2026 പ്രത്യേക വാർത്താക്കുറിപ്പ്: ട്രാക്കിലെ വേഗരാജാക്കന്മാരായി അനന്യയും വിബീഷും
കായികമികവിന്റെയും പോരാട്ടവീര്യത്തിന്റെയും ആവേശം നിറഞ്ഞ കളിക്കളം ട്രാക്കിൽ വേഗതകൊണ്ട് ശ്രദ്ധേയരായി അനന്യ കെ.പി.യും വിബീഷ് കെ.വിയും. 100 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് ഇരുവരും വേഗജേതാക്കളായത്.
സീനിയർ ഗേൾസ് വിഭാഗം 100 മീറ്റർ ഓട്ടത്തിൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ ചാലക്കുടിയിലെ അനന്യ കെ.പി. ഒന്നാം സ്ഥാനം നേടി. സീനിയർ ബോയ്സ് വിഭാഗത്തിൽ ടി.ഡി.ഒ. സുൽത്താൻ ബത്തേരിയിലെ ബിബീഷ് കെ.വി. ഒന്നാമതെത്തി. മികച്ച വേഗവും കായികക്ഷമതയും പ്രകടിപ്പിച്ച ഇരുവരും മത്സരവേദിയിലെ ശ്രദ്ധാകേന്ദ്രങ്ങളായി.
ഓരോ നിമിഷവും നിർണായകമായ ട്രാക്കിലെ പോരാട്ടത്തിൽ എതിരാളികളെ മറികടന്ന് ഫിനിഷിങ് ലൈനിലെത്തിയ ഇരുവരുടെയും നേട്ടം കായികമേളയ്ക്ക് ആവേശമായി. പരിശീലനവും സ്ഥിരോത്സാഹവും ആത്മവിശ്വാസവും ഒത്തുചേർന്ന പ്രകടനത്തിലൂടെ കളിക്കളം വേഗജേതാക്കളായി അനന്യയും വിബീഷും മാറി.
ജൂനിയർ ബോയ്സ് വിഭാഗം 100 മീറ്ററിൽ ടി.ഡി.ഒ. സുൽത്താൻ ബത്തേരിയിലെ റിനീഷ് ബാബുവും ജൂനിയർ ഗേൾസ് വിഭാഗത്തിൽ ആശ്രാം മോഡൽ റസിഡൻഷ്യൽ സ്കൂൾ തിരുനെല്ലിയിലെ ധനശ്രീയും ഒന്നാം സ്ഥാനം നേടി.
സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ടി.ഡി.ഒ. മാനന്തവാടിയിലെ അനഘാലക്ഷ്മി ഒന്നാമതെത്തിയപ്പോൾ സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ ആശ്രാം മോഡൽ റസിഡൻഷ്യൽ സ്കൂൾ തിരുനെല്ലിയിലെ ശ്രീജിത്ത് കെ. വിജയിയായി.
യു.പി. കിഡ്ഡീസ് ഗേൾസ് വിഭാഗത്തിൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ കണിയാമ്പറ്റയിലെ ശിവന്യ എ.ബിയും ബോയ്സ് വിഭാഗത്തിൽ ആശ്രാം മോഡൽ റസിഡൻഷ്യൽ സ്കൂൾ തിരുനെല്ലിയിലെ വിനുവും ഒന്നാം സ്ഥാനം നേടി.
- Log in to post comments