കളിക്കളം 2026 പ്രത്യേക വാർത്താക്കുറിപ്പ് : കളിക്കളത്തിൽ തിളങ്ങി സഹോദരങ്ങൾ
കളിക്കളം മൈതാനിയിൽ മികവ് തെളിയിച്ച് സഹോദരങ്ങളായ വിബീഷും വിജേഷും. 100 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണം നേടി വിബീഷ് ശ്രദ്ധേയനായപ്പോൾ ഖോ-ഖോ മത്സരത്തിലും മികച്ച പ്രകടനവുമായി ഇരുവരും കളിക്കളത്തിൽ സജീവമായി. ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ്, സുൽത്താൻ ബത്തേരിയെ പ്രതിനിധീകരിച്ചാണ് ഇരുവരും മത്സരങ്ങളിൽ പങ്കെടുത്തത്.
ജി.എച്ച്.എസ്.എസ് വടുവഞ്ചാലിലെ വിദ്യാർഥികളായ സഹോദരങ്ങളിൽ പന്ത്രണ്ടാം ക്ലാസ് ഹ്യുമാനിറ്റീസ് വിദ്യാർഥിയായ വിബീഷ് സ്വന്തമായി പരിശീലനം നടത്തിയാണ് 100 മീറ്ററിൽ സ്വർണനേട്ടം സ്വന്തമാക്കിയത്. ഓട്ടമത്സരത്തിന് പുറമെ ലോങ് ജംപിലും വിബീഷ് മാറ്റുരച്ചു. പ്രത്യേക പരിശീലകന്റെ അഭാവത്തിൽ സുൽത്താൻ ബത്തേരിയുടെ ഖോ-ഖോ ടീമിന്റെ പരിശീലക ചുമതലയും വിബീഷ് ഏറ്റെടുത്തു. സ്വയം പരിശീലിപ്പിച്ച ടീമിനെ സെമിഫൈനൽ വരെയെത്തിക്കാനും വിബീഷിന് സാധിച്ചു. പത്താം ക്ലാസ് വിദ്യാർഥിയായ വിജേഷും ഖോ-ഖോ ടീമിലെ അംഗമായിരുന്നു.
രണ്ടാം തവണയാണ് വിബീഷ് കളിക്കളത്തിൽ പങ്കെടുക്കുന്നത്. ഇത്തവണത്തേത് വിബീഷിന്റെ അവസാന കളിക്കളമാണെങ്കിൽ വിജേഷിന് ഇനി രണ്ട് തവണ കൂടി മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ട്. അടുത്ത തവണ സഹോദരനെപ്പോലെ മറ്റ് കായിക ഇനങ്ങളിലും മാറ്റുരയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് വിജേഷ്. വിബീഷിന്റെ 200 മീറ്റർ മത്സരം ഇന്ന് നടക്കും.
വയനാട് സ്വദേശികളായ പുഷ്പ-ബാബു ദമ്പതികളുടെ മക്കളാണ് വിബീഷും വിജേഷും
- Log in to post comments