കളിക്കളം 2026 പ്രത്യേക വാർത്താക്കുറിപ്പ് : കായികമേള ഇന്ന് കൊടിയിറങ്ങും; പോയിന്റ് നിലയിൽ വയനാടൻ ആധിപത്യം
പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഒമ്പതാമത് സംസ്ഥാനതല കായികമേളയായ 'കളിക്കളം' ഇന്ന് (നവംബർ 22) സമാപിക്കും. ആകെ 94 ഇനങ്ങളിൽ 66 മത്സരങ്ങൾ പൂർത്തിയായപ്പോൾ പോയിന്റ് പട്ടികയിൽ വയനാട് ജില്ലയിലെ സ്കൂളുകൾ ആധിപത്യം തുടരുകയാണ്.
84 പോയിന്റുമായി വയനാട് കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂളാണ് ഒന്നാം സ്ഥാനത്ത്. 11 സ്വർണം, ആറ് വെള്ളി, അഞ്ച് വെങ്കലം എന്നിവയുൾപ്പെടെയാണ് നേട്ടം. ആറ് സ്വർണം, 10 വെള്ളി, അഞ്ച് വെങ്കലം ഉൾപ്പെടെ 69 പോയിന്റുമായി പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ രണ്ടാം സ്ഥാനത്തും ഒമ്പത് സ്വർണം, മൂന്ന് വെള്ളി, മൂന്ന് വെങ്കലം ഉൾപ്പെടെ 66 പോയിന്റുമായി തിരുനെല്ലി ആശ്രമം മോഡൽ റസിഡൻഷ്യൽ സ്കൂൾ മൂന്നാം സ്ഥാനത്തുമാണ്. 61 പോയിന്റുമായി നല്ലൂർനാട് ഡോ. അംബേദ്കർ മെമ്മോറിയൽ എം.ആർ.എസ് നാലാം സ്ഥാനത്തും 57 പോയിന്റുമായി തൃശൂർ ചാലക്കുടി എം.ആർ.എസ് അഞ്ചാം സ്ഥാനത്തുമുണ്ട്.
ജില്ലാ അടിസ്ഥാനത്തിലുള്ള പോയിന്റ് നിലയിലും വയനാടാണ് മുന്നിൽ. 347 പോയിന്റുമായി വയനാട് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ കാസർഗോഡ് 71, പാലക്കാട് 60, തൃശൂർ 57, കണ്ണൂർ 39 എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്റ് നില.
വൈകിട്ട് മൂന്ന് മണിക്ക് കാര്യവട്ടം എൽ.എൻ.സി.പി.ഇ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിക്കും.
ജില്ലാ കളക്ടർ അഞ്ജു കെ.എസ്, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ്, ഡെപ്യൂട്ടി ഡയറക്ടർ ആർ. രാജേഷ് കുമാർ, എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ സി.എസ്. സദാനന്ദൻ, നെടുമങ്ങാട് ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ പ്രമോദ് ജി തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments