Skip to main content

മതനിരപേക്ഷ സംസ്കാരം സംരക്ഷിക്കാൻ ജനങ്ങൾ ഭരണഘടനാ സാക്ഷരരാകണം: മന്ത്രി സി. രവീന്ദ്രനാഥ്

അങ്കമാലി: ഇന്ത്യയുടെ മതനിരപേക്ഷ സംസ്കാരം സംരക്ഷിക്കാൻ ജനങ്ങൾ ഭരണഘടനാ സാക്ഷരരാകണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. അങ്കമാലിയിൽ ഭരണഘടനാ സാക്ഷരതാ സന്ദേശ യാത്രയ്ക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
ലോകത്ത് എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയാണ് ഇന്ത്യയുടേത്. രാജ്യം എങ്ങനെയാകണമെന്നുള്ള കുറേ പേരുടെ സ്വപ്നമാണ് ഭരണഘടന. നൂറ്റാണ്ടുകൾ നീണ്ട അടിമത്വം അനുഭവിച്ച നാടാണിത്. അതു കൊണ്ടു തന്നെ സമത്വം വേണമെന്ന ആഗ്രഹം എഴുതിയവർക്കുണ്ടായിരുന്നു. അതിൽ പ്രധാനമാണ് മതനിരപേക്ഷ രാജ്യം എന്നത് . ഈ സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞുവോ എന്നുള്ളത് പരിശോധിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. 
വികസനം എന്നത് വ്യവസായങ്ങളുടെയും മറ്റുള്ള തരത്തിലുള്ള വികസനമല്ല. വികസനമെന്നത് സ്വാതന്ത്ര്യമാണ്. സ്വാതന്ത്ര്യം പരമാവധി ആസ്വദിക്കുമ്പോഴാണ് വികസനം പൂർണമാകുന്നത്. അസമത്വം വർധിക്കുന്ന കാഴ്ചയാണുള്ളത്. സമ്പത്തിന്റെ 72 ശതമാനവും ജനത്തിന്റെ ഒരു ശതമാനത്തിൽ മാത്രം ഒതുങ്ങുകയാണ്. ഇതാണോ ഭരണഘടനയിലൂടെ നാം സ്വപ്നം കണ്ടതെന്നും അദ്ദേഹം ചോദിച്ചു. 
സാക്ഷരത കേവലം സാക്ഷരത മാത്രമല്ല. ആർക്കും അനുകരിക്കാൻ പറ്റാത്ത എല്ലാവരും സ്വപ്നം കാണുന്ന സംസ്കാരമാണ് നമ്മുടേത്. ലോകം മുഴുവൻ ഇന്ത്യയെ ശ്രദ്ധിക്കാൻ ഇടവരുത്തുന്നതും ഈ സംസ്കാരമാണ്. ഇത് ചരിത്ര പരമായി വികസിപ്പിച്ചെടുത്ത ഒന്നാണ്. മതനിരപേക്ഷ സംസ്കാരം ഒരിഞ്ചുപോലും നഷ്ടപ്പെടരുതേ എന്നാണ് നമ്മൾ ആഗ്രഹിക്കേണ്ടത്. ഇത് നിലനിർത്താൻ നാം ഭരണഘടനാ സാക്ഷരരാകണം. ഭരണഘടനയുടെ കാഴ്ചപ്പാടുകൾ ഓരോ കൊച്ചു കുട്ടിയുടെയും മനസിലെത്തിക്കണം.  ഇതിനായുള്ള പ്രവർത്തനങ്ങൾ വിദ്യാഭ്യാസ വകുപ്പും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള നിയമസഭയും സാക്ഷരതാ മിഷനും സംയുക്തമായാണ് സന്ദേശ യാത്ര സംഘടിപ്പിച്ചത്. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പി.എസ് ശ്രീകലയാണ് ജാഥാ ക്യാപ്റ്റൻ. മന്ത്രി ക്യാപ്റ്റനെ പൊന്നാട അണിയിച്ച് സ്വീകരണം നൽകി. തുടർന്ന് റോജി എം ജോൺ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ, നഗര സഭാ ചെയർപേഴ്സൺ എം എ ഗ്രേസി, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിടി പോൾ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, സാക്ഷരതാ പ്രേരക്മാർ, തുല്യതാ പഠിതാക്കൾ എന്നിവരും പൊന്നാട അണിയിച്ച് സ്വീകരണം നൽകി. ജില്ലാ പഞ്ചായത്തംഗം സാംസൺ ചാക്കോ , സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ദീപാ ജയിംസ് എന്നിവർ പങ്കെടുത്തു. 

date