Skip to main content

കളിക്കളം 2026 പ്രത്യേക വാർത്താക്കുറിപ്പ് : ട്രാക്കിലും ഫീൽഡിലും ഒരുപോലെ തിളങ്ങി കട്ടേലയുടെ മിടുക്കികൾ

കളിക്കളത്തിലെ ആവേശത്തിനൊപ്പം സംഘാടക മികവിലും ശ്രദ്ധേയരായി കട്ടേല  ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ  സ്‌കൂളിലെ വിദ്യാർഥിനികൾ. എൻ.എസ്.എസ്, എസ്.പി.സി, എൻ.സി.സി യൂണിറ്റുകളിൽ നിന്നായി നൂറിലധികം വിദ്യാർഥിനികളാണ് കളിക്കളം കായികമേളയുടെ നടത്തിപ്പിൽ സജീവ പങ്കാളികളാകുന്നത്. ട്രാക്കിലും ഫീൽഡിലും മത്സരങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഈ വോളണ്ടിയർമാരുടെ സേവനം നിർണായകമാണ്.

പുലർച്ചെ 6.30ന് ആരംഭിക്കുന്ന ഇവരുടെ പ്രവർത്തനങ്ങൾ രാത്രി ഏറെ വൈകിയാണ് അവസാനിക്കുന്നത്. മത്സരവേദികളിലെ ക്രമീകരണങ്ങൾ, സമയക്രമം പാലിക്കൽ, മത്സരാർഥികൾക്കും കാണികൾക്കും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകൽ, കുടിവെള്ള വിതരണം, പ്രഥമശുശ്രൂഷാ സഹായം തുടങ്ങി കായികമേളയുടെ നടത്തിപ്പിന്റെ വിവിധ മേഖലകളിൽ ഇവർ സജീവമാണ്.

കഠിനമായ ചൂടും ക്ഷീണവും വകവയ്ക്കാതെ ആദ്യദിവസത്തെ അതേ ആവേശത്തോടെ അവസാന നിമിഷം വരെയും സേവനനിരതരാകുന്ന ഇവർ സംഘാടകർക്കും മറ്റു സ്‌കൂളുകളിൽ നിന്നെത്തുന്നവർക്കും മാതൃകയാകുന്നു.

ദേശീയ-സംസ്ഥാനതല മത്സരങ്ങളിലും ക്യാമ്പുകളിലും പങ്കെടുത്ത അനുഭവസമ്പത്തുള്ള വിദ്യാർഥിനികളും സംഘത്തിലുണ്ട്. തിരക്കുകൾക്കിടയിലും സൗമ്യമായ പെരുമാറ്റവും കൃത്യമായ ഏകോപനവും കൈവിടാതെ കായികമേളയുടെ വിജയത്തിനായി ഒരേ മനസ്സോടെ പ്രവർത്തിക്കുന്ന കട്ടേല സ്‌കൂളിലെ ഈ മിടുക്കികൾ കളിക്കളത്തിന് പുറത്തും തങ്ങളുടെ മികവ് തെളിയിക്കുകയാണ്.

date