പള്ളിശ്ശേരി ഗവ. എല്‍.പി. സ്കൂളിന്റെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പള്ളിശ്ശേരി ഗവണ്മെന്റ് എല്‍.പി. സ്കൂളിന്റെ പുതിയ കെട്ടിടം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച നാല് ആധുനിക ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമാണ് പുതിയ കെട്ടിടത്തിലുള്ളത്.
വണ്ടൂര്‍ നിയോജകമണ്ഡലത്തില്‍ സ്ഥലപരിമിതി മൂലം ഏറെ പ്രയാസങ്ങള്‍ നേരിട്ടിരുന്ന വിദ്യാലയമാണ് പള്ളിശ്ശേരി ഗവണ്മെന്റ് എല്‍.പി. സ്കൂളെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. സ്കൂളിന്റെ തുടര്‍വികസനത്തിനായി പുതിയ അടുക്കള നിര്‍മ്മാണം, കളിസ്ഥല നവീകരണം തുടങ്ങിയ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ആധുനിക കാലഘട്ടത്തിനനുസരിച്ച് പൊതുവിദ്യാലയങ്ങളിലെ പഠനരീതികള്‍ക്കൊപ്പം ഭൗതിക സാഹചര്യങ്ങളിലും മാറ്റമുണ്ടാകണമെന്ന് മന്ത്രി എന്‍. ഷംസുദ്ദീന് വ്യക്തമാക്കി.
2027 ജൂണില്‍ കെട്ടിട ക്ഷമതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പുതിയ അടുക്കള നിര്‍മ്മിക്കുക, കുട്ടികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒരു അധിക ക്ലാസ് മുറി അനുവദിക്കുക, മൈതാനം നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രധാനാധ്യാപിക ചടങ്ങില്‍ ഉന്നയിച്ചു. സ്കൂളിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ പ്രധാനാധ്യാപിക ജിഷയെ മന്ത്രി എന്‍. ഷംസുദ്ദീന് ആദരിച്ചു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ രാജന്, ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ അബ്ദുല്ലത്തീഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അബ്ദുറഹിമാന്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍. സവാദ്, വാര്‍ഡ് അംഗം പി.ടി. ഹാരിസ്, ഡിവിഷന് അംഗം സുബൈദ, ലൈല, വണ്ടൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. പ്രേം സാഗര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇസ്മാഈല്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ ഷുക്കൂര്‍, പൊതുമരാമത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വിജു ജോസ്, വണ്ടൂര്‍ ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ നിസാര്‍, അയ്യൂബ് കുട്ടശ്ശേരി, വിവിധ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments