മിഷൻ സമുദ്ര ആദ്യ ചരക്കുനീക്കം കോട്ടയം പോർട്ടിലൂടെ
* വിഴിഞ്ഞം തുറമുഖം വഴി ആദ്യ പ്രധാന ഇറക്കുമതി ചരക്കുനീക്കം
* എംആർഎഫിനായി ആഫ്രിക്കയിൽനിന്ന് 60 കണ്ടെയ്നർ സ്വാഭാവിക റബ്ബർ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി ആദ്യത്തെ പ്രധാന ഇറക്കുമതി ചരക്കുനീക്കം കോട്ടയം പോർട്ടിലൂടെ. എംആർഎഫിനായി ആഫ്രിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഏകദേശം 1,500 മെട്രിക് ടൺ നാച്ചുറൽ റബ്ബറാണ് 60 കണ്ടെയ്നറുകളിലായി വിഴിഞ്ഞം തുറമുഖം വഴി എത്തിക്കുന്നത്. മൂന്ന് ബിൽ ഓഫ് ലേഡിങ്ങുകളിലായി 20 കണ്ടെയ്നറുകൾ വീതമാണ് ചരക്കുനീക്കം ക്രമീകരിച്ചിരിക്കുന്നത്. കോട്ടയം ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയുടെ (ഐസിഡി) വികസനത്തിൽ നിർണായക മുന്നേറ്റത്തിന് ഇത് വഴിയൊരുക്കും.
നിലവിൽ മുംബൈ വഴി ട്രാൻസ്ഷിപ്മെന്റ് നടത്തി എത്തിക്കുന്ന എംആർഎഫിന്റെ ചരക്കുകൾ ലക്ഷ്യസ്ഥാനത്തെത്താൻ ഏകദേശം ഒരു മാസം വരെ എടുക്കാറുണ്ട്. ഈ കാലതാമസം ഒഴിവാക്കുന്നതിനായി പോർട്ട് ഓഫ് ഡെസ്റ്റിനേഷൻ (POD) ആയി വിഴിഞ്ഞം തുറമുഖത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് എംആർഎഫ്. വിഴിഞ്ഞത്തുനിന്ന് കണ്ടെയ്നറുകൾ കോട്ടയം ഐസിഡിയിലെത്തിച്ചായിരിക്കും തുടർനടപടികൾ പൂർത്തിയാക്കുക.
ഇറക്കുമതി ചരക്കുനീക്കത്തിലൂടെ ലഭിക്കുന്ന ഒഴിഞ്ഞ കണ്ടെയ്നറുകൾ കയറ്റുമതി ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താനാകുമെന്നതാണ് ഈ സംവിധാനത്തിന്റെ മറ്റൊരു പ്രധാന നേട്ടം. എംആർഎഫിന് ആവശ്യമായ വെയർഹൗസ് സൗകര്യം ഒരുക്കിയശേഷം ഇറക്കുമതി ചരക്കുകൾ അവിടെ ഇറക്കുകയും ഒഴിഞ്ഞ കണ്ടെയ്നറുകൾ കോട്ടയം ഐസിഡിയിലെ കണ്ടെയ്നർ യാർഡിൽ സൂക്ഷിച്ച് കയറ്റുമതിക്കാർക്ക് ലഭ്യമാക്കുകയും ചെയ്യാം. നിലവിൽ കയറ്റുമതിക്കാർ പലപ്പോഴും കൊച്ചിയിൽനിന്ന് ഒഴിഞ്ഞ കണ്ടെയ്നറുകൾ കോട്ടയത്തേക്ക് എത്തിച്ചാണ് ചരക്കുകൾ നിറയ്ക്കുന്നത്. ഇറക്കുമതിയും കയറ്റുമതിയും പരസ്പരം ബന്ധിപ്പിച്ചുള്ള ഈ ചരക്കുനീക്ക മാതൃക ഇറക്കുമതിക്കാർക്കും കയറ്റുമതിക്കാർക്കും ലോജിസ്റ്റിക്സ് സേവനദാതാക്കൾക്കും ഒരുപോലെ പ്രയോജനകരമായ ചെലവുകുറഞ്ഞ സംവിധാനം ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തിന്റെ സമുദ്രവ്യാപാര-ലോജിസ്റ്റിക്സ് സാധ്യതകൾ വികസിപ്പിക്കുക എന്ന മിഷൻ സമുദ്രയുടെ വിശാലമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിലും ഈ നീക്കം നിർണായകമാകും. സേവനങ്ങൾക്ക് ബന്ധപ്പെടാം 9497717984.
പി.എൻ.എക്സ്. 4933/2026
- Log in to post comments