Skip to main content

പോളിയോ തുള്ളി മരുന്ന് വിതരണം ഇന്ന്; ജില്ലാ തല ഉദ്ഘാടനം വൈദ്യുതി മന്ത്രി അഡ്വ.സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും

ജില്ലയിൽ 1.41 ലക്ഷം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകും

സബ് നാഷണൽ ഇന്റൻസിഫൈഡ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള പോളിയോ തുള്ളി മരുന്ന് വിതരണം വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ മന്ത്രി അഡ്വ.സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിക്കും.

ഇരിട്ടി പയഞ്ചേരി എൽ പി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഇരിട്ടി നഗരസഭ  ചെയർപേഴ്സൺ വി വിനോദ് കുമാർ അധ്യക്ഷത വഹിക്കും.കണ്ണൂർ എം പി 
കെ സുധാകരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ, വിവിധ ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ,വിവിധ സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

ജില്ലയിൽ അഞ്ച് വയസ്സിൽ താഴെയുള്ള 1,41,810 കുട്ടികൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നതിനായി കണക്കാക്കിയിട്ടുള്ളത്. ഇതിൽ അതിഥി തൊഴിലാളികളുടെ കുട്ടികളും ഉൾപ്പെടുന്നു. 1,655 അതിഥി തൊഴിലാളി കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

പരിപാടിയുടെ ഭാഗമായി ജില്ലയിൽ 1,586 വാക്സിനേഷൻ ബൂത്തുകൾ പ്രവർത്തിക്കും. കൂടാതെ 42 ട്രാൻസിറ്റ് ബൂത്തുകളും 127 മൊബൈൽ ബൂത്തുകളും സജ്ജീകരിക്കും. ഏതെങ്കിലും കാരണവശാൽ ബൂത്തുകൾ വഴി ഞായറാഴ്ച വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് വീടുകളിലെത്തി തുള്ളിമരുന്ന് നൽകുന്നതിനായി 4,137 ഹൗസ് ടു ഹൗസ് വോളണ്ടിയർമാരെയും നിയോഗിച്ചിട്ടുണ്ട്.പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി 519 സൂപ്പർവൈസർമാരും 3,465 ബൂത്ത് വോളണ്ടിയർമാരും പ്രവർത്തിക്കും.

ജില്ലയിലെ വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. 

അതിഥി തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങൾ, ആദിവാസി മേഖലകൾ, യാത്രക്കാരും പൊതുജനങ്ങളും എത്തുന്ന ഇടങ്ങൾ എന്നിവിടങ്ങളിലും പോളിയോ തുള്ളി മരുന്നു വിതരണത്തിനായി പ്രത്യേക ശ്രദ്ധ നൽകും.

അഞ്ച് വയസ്സിൽ താഴെയുള്ള ഒരു കുട്ടിയും വാക്സിനേഷൻ പരിധിയിൽനിന്ന് ഒഴിവാകാതിരിക്കാൻ രക്ഷിതാക്കൾ സഹകരിക്കണമെന്നും കുട്ടികളെ അടുത്തുള്ള പൾസ് പോളിയോ ബൂത്തിലെത്തിച്ച് പോളിയോ തുള്ളിമരുന്ന് നൽകണമെന്നും 
ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.

date