Skip to main content

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ് (റിന്യൂവൽ) അപേക്ഷ ക്ഷണിച്ചു

        സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥിനികൾക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്  സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്‌റ്റൈപന്റ് (റിന്യൂവൽ) അപേക്ഷ ക്ഷണിച്ചു. മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട, മുൻ വർഷങ്ങളിൽ ഈ സ്‌കീം പ്രകാരം സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ് (ഫ്രഷ്)  ലഭിച്ച വിദ്യാർഥിനികൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.

          ബിരുദത്തിന് പഠിക്കുന്ന വിദ്യാർഥിനികൾക്ക് 5,000 രൂപ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാർഥിനികൾക്ക് 6,000 രൂപ വീതവും, പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്ന വിദ്യാർഥിനികൾക്ക് 7,000 രൂപ വീതവും ഹോസ്റ്റൽ സ്‌റ്റൈപ്പന്റ് ഇനത്തിൽ 13,000 രൂപ വീതവുമാണ് പ്രതിവർഷം സ്‌കോളർഷിപ്പ് നൽകുന്നത്. ഹോസ്റ്റലുകളിൽ താമസിച്ചു പഠിക്കുന്ന വിദ്യാർഥിനികൾ സ്ഥാപന മേധാവിയുടെ സർട്ടിഫിക്കറ്റ് സഹിതം ഹോസ്റ്റൽ സ്‌റ്റൈപ്പന്റിനായി അപേക്ഷിക്കുക.

          അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.mwdscholarship.kerala.gov.in ലെ സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ  20. അപേക്ഷ പൂരിപ്പിച്ച് അപ്‌ലോഡ്‌ ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത  തീയതിക്കുളളിൽ സ്ഥാപനമേധാവിയ്ക്ക് സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471-2300523, 0471-2300524, 0471-2302090.

പി.എൻ.എക്‌സ്. 4937/2026

date