Skip to main content

മത്സ്യബന്ധന യാനങ്ങളിലെ സ്രാങ്കുമാർക്ക് പരിശീലനം

മത്സ്യബന്ധന യാനങ്ങളിൽ സ്രാങ്കായി ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയവരും 21നും 55നും മധ്യേ പ്രായമുള്ളവരുമായ മത്സ്യത്തൊഴിലാളികൾക്ക് അപേക്ഷിക്കാം.

രജിസ്റ്റർ ചെയ്ത മത്സ്യബന്ധന യാനങ്ങളിൽ എൻജിൻ ഡ്രൈവറായി 2 വർഷത്തെ പ്രവൃത്തിപരിചയമോ ഡെക്ക് ഹാൻഡായി 5 വർഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവരെയാണ് പരിശീലനത്തിന് പരിഗണിക്കുക. എൻ.ഐ.എഫ്.എ.എം മുഖേന അഞ്ചുദിവസത്തെ പരിശീലനമാണ് നൽകുന്നത്.

ഉത്തരവാദിത്തത്തോടെയുള്ള മത്സ്യബന്ധനം, മത്സ്യങ്ങളുടെ ശുചിത്വപരമായ കൈകാര്യം ചെയ്യൽ, കടൽസുരക്ഷാ നടപടികൾ, നാവിഗേഷൻ ഉപകരണങ്ങളുടെ ഉപയോഗം, ഗതാഗതനിയമങ്ങൾ, ബോയി സംവിധാനം, മറൈൻ റേഡിയോ ആശയവിനിമയം, തിരച്ചിൽ - രക്ഷാപ്രവർത്തനം, ദുരിത - കൊടുങ്കാറ്റ് സിഗ്നലുകൾ, പരിസ്ഥിതി മലിനീകരണ പ്രതിരോധം, അടിയന്തര വൈദ്യസഹായം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകുക.

താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ നവംബർ 30ന് വൈകിട്ട് 5ന് മുൻപായി  ബന്ധപ്പെട്ട മത്സ്യഭവനുകളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2450773 എന്ന നമ്പറിൽ ബന്ധപ്പെടാം.

date