Skip to main content

സംസ്ഥാന കിഴങ്ങുവിള ദിനാഘോഷം 24ന്: മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും

          കേരളത്തിലെ കിഴങ്ങുവിള കൃഷി, ഗവേഷണം, സാങ്കേതികവിദ്യ കൈമാറ്റം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതിനായി സംഘടിപ്പിക്കുന്ന സംസ്ഥാന കിഴങ്ങുവിള ദിനാഘോഷം ഇന്ന് തിരുവനന്തപുരത്ത് ശ്രീകാര്യത്തെ സെൻട്രൽ ട്യൂബർ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. നവംബർ 24 രാവിലെ 11ന് മില്ലേനിയം ഹാളിൽ നടക്കുന്ന പരിപാടി കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും.

          ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. സെൻട്രൽ ട്യൂബർ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്‌സിന്റെ പ്രസിഡന്റുമായ ഡോ. ജി. ബൈജു അധ്യക്ഷത വഹിക്കും.

          കാർഷിക ഉൽപ്പാദന കമ്മിഷണർ ഡോ. വീണ എൻ. മാധവൻ, കൃഷിവകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ ആശംസകൾ അർപ്പിക്കും. സെൻട്രൽ ട്യൂബർ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ. എസ്.എസ്. വീണ, ഡോ. കെ. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.

          പരിപാടിയുടെ ഭാഗമായി വിവിധ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം, മേഖലയിലെ വിവിധ പങ്കാളികളെ ആദരിക്കൽ, സാങ്കേതികവിദ്യ ലൈസൻസിംഗ്, ധാരണാപത്രങ്ങളുടെ കൈമാറ്റം എന്നിവ നടക്കും.

          സെൻട്രൽ ട്യൂബർ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്‌സും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പി.എൻ.എക്‌സ്. 4942/2026

date