Skip to main content

ഇം. എം. രാധയുടെ നിര്യാണത്തിൽ വയോജന കമ്മിഷൻ അനുശോചിച്ചു

          സംസ്ഥാന വയോജന കമ്മിഷൻ അംഗവും സാംസ്‌കാരിക പ്രവർത്തകയുമായിരുന്ന ഇ. എം. രാധയുടെ നിര്യാണം പൊതുപ്രവർത്തന രംഗത്ത് വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സംസ്ഥാന വയോജന കമ്മിഷൻ. പൊതുപ്രവർത്തനത്തിന്റെ ഉത്തമ മൂല്യങ്ങളുടേയും ലളിത ജീവിതത്തിന്റേയും ഉടമയായിരുന്ന ഇ. എം രാധ സംസ്ഥാന വയോജന കമ്മിഷൻ അംഗം, വനിതാ കമ്മിഷൻ അംഗം, ദേശാഭിമാനി പത്രത്തിന്റെ ചുമതലക്കാരി എന്ന നിലയിലൊക്കെ വളരെ ശ്രദ്ധേയമായ മികവ് പുലർത്തി. 'ഇ. എം. എസ് - മകളുടെ ഓർമ്മകൾ' എന്ന ഗ്രന്ഥത്തിലൂടെ എഴുത്തുകാരുടെ നിരയിൽ സ്ഥാനം പിടിച്ചു. പ്രമുഖ രാഷ്ട്രീയ നേതാവായിരുന്ന അച്ഛന്റെ ത്യാഗ പൂർണമായ പ്രവർത്തനങ്ങളുടെ മൂല്യം ഉൾക്കൊള്ളുവാനും അതനുസരിച്ച് ജീവിക്കുവാനും എന്നും ശ്രമിച്ച പൊതു പ്രവർത്തകയായിരുന്നു. 2025 സെപ്റ്റംബറിൽ രാജ്യത്തിലാദ്യമായി പ്രവർത്തനമാരംഭിച്ച കേരള സംസ്ഥാന വയോജന കമ്മിഷന്റെ പ്രാഥമിക പ്രവർത്തന വിജയത്തിൽ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലേയും വയോജന രംഗത്ത് പ്രവർത്തിക്കുന്നവരുമായുള്ള ആശയ വിനിമയം, പരാതി പരിഹാരത്തിനായി ഓരോ ജില്ലയിലും സിറ്റിംഗുകൾ സംഘടിപ്പിക്കൽ, വയോജന സംരക്ഷണ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കുക തുടങ്ങിയ പരിപാടികൾ ആവിഷ്‌കരിക്കുന്നതിൽ വലിയ പങ്കാണ് അവർ വഹിച്ചത്. വയോജന ക്ഷേമ, സംരക്ഷണ പ്രവർത്തനങ്ങളെ സംബന്ധിച്ച് സുവ്യക്തമായ കാഴ്ചപ്പാടുകളുള്ള അംഗമായിരുന്നു ഇ.എം. രാധ. വയോജന ക്ഷേമ രംഗത്ത് സമർപ്പിതമായ പ്രവർത്തനം തുടരുന്നതിന് പരേതയുടെ ഓർമകൾ ശക്തി പകരുമെന്ന് ചെയർപേഴ്‌സൺ അഡ്വ. കെ. സോമപ്രസാദും കമ്മിഷനംഗങ്ങളായ കെ എൻ കെ നമ്പൂതിരി, അമരവിള രാമകൃഷ്ണൻ, ലോപ്പസ് മാത്യു എന്നിവർ ചേർന്ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.

പി.എൻ.എക്‌സ്. 4950/2026

date