ഓട്ടിസം ബാധിതയായ മകളുമായി ദുരിതജീവിതം നയിക്കുന്ന ജയയ്ക്ക് വീടൊരുക്കും; പരമാവധി സർക്കാർ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി കെ.എ. തുളസി
ഓട്ടിസം ബാധിതയായ മകളുമായി ബാർട്ടൺ ഹില്ലിലെ ഒറ്റമുറി ഓലപ്പുരയിൽ ദുരിതജീവിതം നയിക്കുന്ന ജയയ്ക്ക് സുരക്ഷിതമായ വീട് ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി അറിയിച്ചു. ജയയെയും മകളെയും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ജയയുടെയും 35 വയസ്സുള്ള മകളുടെയും ദുരിതപൂർണമായ ജീവിതസാഹചര്യം മാധ്യമവാർത്തകളിലൂടെയാണ് ശ്രദ്ധയിൽപ്പെട്ടത്. ഉപജീവനത്തിനായി മ്യൂസിയത്തിന് മുന്നിൽ പൊരി വിൽപന നടത്തുന്ന ജയയ്ക്ക് ജോലിക്കു പോകുമ്പോൾ മകളുടെ സുരക്ഷ കണക്കിലെടുത്ത് വീട്ടിൽ പൂട്ടിയിട്ടുപോകേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശുചിമുറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കുടുംബത്തിന്റെ ജീവിതം കൂടുതൽ ദുഷ്കരമാക്കുന്നു.
കുടുംബം വാങ്ങുന്നതിനായി കണ്ടെത്തിയ വീടും മന്ത്രി സന്ദർശിച്ചു. വീട് വാങ്ങുന്നതിന് ആവശ്യമായ പരമാവധി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് വിഷയത്തിൽ അടിയന്തര പരിശോധന നടത്തി സഹായം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സർക്കാരിനോട് റിപ്പോർട്ട് തേടിയിരുന്നു. അമ്മയ്ക്കും മകൾക്കും സർക്കാർ സഹായം ലഭിക്കുന്നതിന് നൂറുശതമാനം അർഹതയുണ്ടെന്ന സാമൂഹ്യനീതി വകുപ്പിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ജയയ്ക്കും മകൾക്കും സുരക്ഷിതവും അന്തസ്സുള്ളതുമായ ജീവിതസാഹചര്യം ഒരുക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും ഇതിനാവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി കെ.എ. തുളസി അറിയിച്ചു.
പി.എൻ.എക്സ്. 4951/2026
- Log in to post comments