കിഴങ്ങുവിള കൃഷി വ്യാപിപ്പിക്കാൻ 'ന്യൂട്രീ ട്യൂബർ കേരളം' പദ്ധതി നടപ്പാക്കും: മന്ത്രി ടി. സിദ്ദിഖ്
കേരളത്തിന്റെ ഭക്ഷ്യസ്വയംപര്യാപ്തതയും ജനങ്ങളുടെ ആരോഗ്യസംരക്ഷണവും ലക്ഷ്യമിട്ട് കിഴങ്ങുവിളകളുടെ കൃഷി വ്യാപിപ്പിക്കാൻ 'ന്യൂട്രീ ട്യൂബർ കേരളം' പദ്ധതി നടപ്പാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്. കിഴങ്ങുവിളകളെ ഇടവിള കൃഷിയായി പ്രോത്സാഹിപ്പിച്ച് ഭക്ഷ്യോൽപ്പാദനം വർധിപ്പിക്കുകയും പോഷകസമൃദ്ധമായ ഭക്ഷണശീലം വളർത്തിയെടുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കൃഷിഭവനുകൾ, ആദിവാസി ഗോത്രസമൂഹങ്ങൾ, കർഷകർ എന്നിവരെ ഏകോപിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം ശ്രീകാര്യം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൽ സംസ്ഥാന കിഴങ്ങുവിള ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറിയ ഭക്ഷണസംസ്കാരവും പച്ചക്കറികളിലെ കീടനാശിനികളുടെ അമിതോപയോഗവും കേരളത്തിന്റെ ആരോഗ്യരംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കീടനാശിനികളുടെ അമിത സാന്നിധ്യം ക്യാൻസർ, വൃക്കരോഗങ്ങൾ, ജീവിതശൈലീരോഗങ്ങൾ എന്നിവ വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. ചികിത്സയ്ക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കേണ്ടിവരുന്ന സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'എന്റെ അന്നം, എന്റെ ഉത്തരവാദിത്തം' എന്ന ചിന്തയിലേക്ക് മലയാളികൾ മാറണമെന്നും കിഴങ്ങുവിളകളുടെ കൃഷി വ്യാപിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ 500 സ്കൂളുകളിൽ ആരംഭിച്ച 'കതിർ' കാർഷിക ക്ലബ്ബുകൾ അടുത്ത അധ്യയന വർഷം 5,000 സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും. കോളേജുകളിലും ഐ.ടി. സ്ഥാപനങ്ങളിലും കാർഷിക ക്ലബ്ബുകൾ ആരംഭിക്കും. കൃഷിയിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യവും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതിയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിപണനവും ലക്ഷ്യമിട്ട് വിദേശ കമ്പനികളെ പങ്കെടുപ്പിച്ച് വിപുലമായ ബി2ബി അഗ്രി എക്സ്പോ സംഘടിപ്പിക്കും. കൃഷിയിൽ എ.ഐ, ഡ്രോൺ, ഐ.ഒ.ടി. തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ കാർബൺ ക്രെഡിറ്റ് സെൽ രൂപീകരിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രി ടി.സിദ്ദിഖ് അറിയിച്ചു.
ചടങ്ങിൽ കാർഷികോൽപ്പാദന കമ്മീഷണർ ഡോ. വീണ എൻ. മാധവൻ, കൃഷിവകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ, ഐ.സി.എ.ആർ-സി.ടി.സി.ആർ.ഐ പ്രസിഡന്റ് ഡോ. ജി. ബൈജു, എം.എസ്.എസ്.ആർ.എഫ് ഡയറക്ടർ ഡോ. സി.തമ്പാൻ, ഐഎസ്ആർസി സെക്രട്ടറിയും ഐ.സി.എ.ആർ-സി.ടി.സി.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. കെ. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
മികച്ച കിഴങ്ങുവിള കർഷകനുള്ള ദേശീയ അവാർഡ് നേടിയ അമ്പലവയൽ സ്വദേശി കെ. ബാബുവിനെയും മികച്ച കാർഷിക പ്രവർത്തകരെയും ചടങ്ങിൽ മന്ത്രി ആദരിച്ചു.
- Log in to post comments