ജില്ലയിലെ വിദ്യാലയ പരിസരങ്ങള്‍ ഇനി പുകയിലരഹിതം: പുകയിലവിരുദ്ധ നയം പ്രഖ്യാപിച്ചു
മാനവരാശി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്‌നമെന്ന് ലോകാരോഗ്യസംഘടന വിലയിരുത്തിയ പുകയില ഉപഭോഗത്തിനെതിരേ ശക്തമായ നടപടികളുമായി ജില്ലാ ഭരണകൂടം. പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗത്തിനെതിരേ കുട്ടികളില്‍ അവബോധം സൃഷ്ടിക്കാനും പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ മുന്നണിപ്പോരാളികളാക്കാനും ജില്ലയില്‍ പുകയില വിരുദ്ധ വിദ്യാലയ നയം പ്രഖ്യാപിച്ചു.
ജില്ലാ ആരോഗ്യ വകുപ്പും ദേശീയ പുകയില നിയന്ത്രണ പരിപാടിയും (എന്‍ ടി പി സി) സംയുക്തമായി നടപ്പിലാക്കുന്ന പുകയില രഹിത വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം തളങ്കര ഗവ. മുസ്്‌ലിം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ നിര്‍വ്വഹിച്ചു. പുകയില-മയക്കു മരുന്ന് മാഫിയകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ വലിയതോതില്‍ പ്രലോഭനം നേരിടുന്നുവെന്നും ഇത്തരം സാമൂഹിക തിന്മകളെ പടിക്കു പുറത്ത് നിര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍ തന്നെ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപഭോഗത്തിലൂടെ മയക്കു മരുന്നുകളിലേക്കുള്ള വാതില്‍ തുറക്കുന്നുവെന്നും അവസാനം കുടുംബത്തിനും സമൂഹത്തിനും ഭാരമായി മാറി ശപിക്കപ്പെട്ടവരായി മാറാതിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഓരോ കുട്ടിയുടെയും അവകാശമായ ആരോഗ്യകരമായ ജീവിത, പഠന സാഹചര്യം സൃഷ്ടിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ പുകയില വിരുദ്ധ പ്രതിജ്ഞയെടുത്തു. നൂറുവാരയ്ക്കുള്ളിലെ (93 മീറ്റര്‍) സ്‌കൂള്‍ പരിസരം പുകയില രഹിതമാക്കിയതായി പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികള്‍ സംരക്ഷണ ചങ്ങല തീര്‍ത്തു. സംരക്ഷണ മേഖലയെകുറിച്ചുള്ള മുന്നറിയിപ്പ് ബോര്‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അനാവരണം ചെയ്തു. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷയായി. ജില്ലാ ടി ബി ഓഫീസര്‍ ഡോ. ടി.പി ആമിന, മുനിസിപ്പല്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഉസ്മാന്‍, ജിഎംവിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വി ഹരിദാസ്, ഹെഡ്മിസ്ട്രസ് സി വിനോദ, അധ്യാപിക പ്രീതി ശ്രീധരന്‍, പിടിഎ പ്രസിഡന്റ് ടി കെ മൂസ, ഹെല്‍ത്ത് ലൈന്‍ ഡയറക്ടര്‍ മോഹനന്‍ മാങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments