Skip to main content

'മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം'; ഹരിത നിയമാവലി രണ്ടാം ഘട്ട  ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം 26ന് 

ഹരിത കേരളമിഷന്റെ  മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം  രണ്ടാം ഘട്ട ഹരിത നിയമാവലി ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ഈ മാസം 26ന് നടക്കും. കാസര്‍കോട് മുനിസിപ്പല്‍ വനിതഹാളില്‍ രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും.  കാസര്‍കോട് മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍  എല്‍.എ മഹമ്മൂദ് അധ്യക്ഷത വഹിക്കും.  ജില്ലാ കളക്ടര്‍ ഡോ സജിത്ബാബു മുഖ്യ പ്രഭാഷണം നടത്തും. 
                   ജല സ്രോതസുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയല്‍, ജല സ്രോതസുകളുടെ സംരക്ഷണവും സുസ്ഥിര വിനിയോഗവും  ഉറപ്പ് വരുത്തല്‍ എന്നിവ മിഷന്‍ പ്രവര്‍ത്തനങ്ങളിലെ പ്രധാന ഭാഗമാണ്. ഭൂമിയും മണ്ണും ജലവും വായുവും മലിനമാകാതെ വികസന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ജല സാന്നിദ്ധ്യം സ്രോതസുകളില്‍ എല്ലാ സമയവും ഉറപ്പാക്കാന്‍ ആവശ്യമുള്ള പാരിസ്ഥിതിക പുനസ്ഥാപന പ്രവൃത്തികള്‍ കണ്ടെത്തി  നിര്‍വഹിക്കുന്നതിനും വകുപ്പുളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സമൂഹത്തെയും പ്രാപ്തരാക്കുക, ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിലെ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ഉറപ്പിക്കുക എന്നിവ മിഷന്റെ പൊതുവായ ലക്ഷ്യങ്ങളാണ്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി നടപ്പിലാക്കുന്നതും നിയമ ലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ  പ്രധാന ഉത്തരവാദിത്വമാണ്. മിഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളേയും ഏജന്‍സികളേയും ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.  ഇതിന്റെ ഭാഗമായാണ് ക്യാമ്പെയിന്‍ സംഘടിപ്പിക്കുന്നത്.             ജലമലിനീകരണ നിയമം, വായു മലിനീകരണ നിയമം, പരിസ്ഥിതി നിയമം കേരള പഞ്ചായത്ത് രാജ് നിയമം, കേരള മുനിസിപ്പാലിറ്റി  നിയമം, കേരള ജലസേചന നിയമം, ഭക്ഷ്യ സുരക്ഷാ നിയമം, ദേശീയ ഹരിത ട്രൈബൂണല്‍ ആക്ട്, ഇന്ത്യന്‍  പീനല്‍ കോഡ്, കേരള പോലീസ് ആക്ട് എന്നിവയും അനുബന്ധ ചട്ടങ്ങളും നിര്‍ദ്ദേശിക്കുന്ന നിയമ നടപടികള്‍കൂടി കര്‍ശനമാക്കിയാലെ ഹരിതകേരളം മിഷന്‍ ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, ജന പ്രതിനിധികള്‍ എന്നിവര്‍ക്ക് ഇതു സംബന്ധിച്ച വിശദമായ പരിശീലനം നല്‍കി അവരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് പ്രാപ്തരാക്കാന്‍  ഹരിത നിയമാവലി സഹായിക്കും. 
ഹരിതകേരളം  മിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍ ഹരിത നിയമാവലി- കൈ പുസ്തക പരിചയപ്പെടുത്തല്‍ കാമ്പയിന്‍ അവതരണം നടത്തും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ജെ അരുണ്‍, മലീനീകരണ നിയന്ത്രണബോര്‍ഡ് എഇ സനില്‍ കാരാട്ട്, കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ രാജാറാം, എ.എസ്.പി: ഡി ശില്‍പ, ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ സി.രാധാകൃഷ്ണന്‍,കാസര്‍കോഡ് മുനിസിപ്പാലിറ്റി സെക്രട്ടറി വി സജി കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

date