ചിന്നക്കനാലില്‍ 'ചക്കക്കൊമ്പന്' ദൗത്യം നാളെ; ആറ് വാര്‍ഡുകളില്‍ നിരോധനാജ്ഞ ദൗത്യ സമയത്ത് വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കുക
ചിന്നക്കനാല്‍ വില്ലേജില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി വിഹരിക്കുന്ന 'ചക്കക്കൊമ്പന്' എന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 12.30 മുതല്‍ ദൗത്യം പൂര്‍ത്തിയാക്കി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതുവരെയോ അല്ലെങ്കില്‍ രാത്രി 11.30 വരെയോ ആണ് നിരോധനാജ്ഞ . ദൗത്യം നീണ്ടുപോയാല്‍ സാഹചര്യം വിലയിരുത്തി തുടര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ .ദിനേശന് ചെറുവാട്ട് അറിയിച്ചു.
ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ വാര്‍ഡുകളിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഈ പ്രദേശങ്ങളിലെ പൊതുസ്ഥലങ്ങളിലും ദൗത്യം നടക്കുന്ന മേഖലയോട് ചേര്‍ന്നുള്ള അപകടസാധ്യതയുള്ള ഇടങ്ങളിലും അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടംകൂടി നില്ക്കുന്നതും സംഘം ചേര്‍ന്ന് ഒത്തുചേരുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട് .
ദൗത്യം നടക്കുന്ന സമയത്ത് പ്രദേശവാസികള്‍ അനാവശ്യമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നതും ദൗത്യമേഖലയിലേക്ക് പോകുന്നതും ഒഴിവാക്കണം. കാട്ടാനയെ കാണുന്നതിനായി ആളുകള്‍ കൂട്ടംകൂടരുത്.
വനംവകുപ്പ്, പോലീസ്, റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യത്തിനായി ചുമതലപ്പെടുത്തിയവരും ഒഴികെ മറ്റാരും ദൗത്യം നടക്കുന്ന സ്ഥലത്തേക്കോ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിശ്ചയിച്ചിട്ടുള്ള നിയന്ത്രിത മേഖലയിലേക്കോ പ്രവേശിക്കാന്‍ പാടില്ലന്നും ഉത്തരവില്‍ വ്യക്തമാക്കി.
മയക്കുവെടി വയ്ക്കുന്നതിനിടെ കാട്ടാന പ്രകോപിതനായി ജനവാസ മേഖലകളിലേക്ക് ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാനാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരി ക്കുന്നതെന്നും വനംവകുപ്പും പോലീസും നല്കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ജില്ലാകളക്റ്റര്‍ അഭ്യര്‍ഥിച്ചു .
ഗതാഗത നിയന്ത്രണം
ദൗത്യം നടക്കുന്ന പ്രദേശത്തേക്കും സമീപമേഖലകളിലേക്കും ഔദ്യോഗിക വാഹനങ്ങള്‍ ഒഴികെയുള്ളവയുടെ പ്രവേശനം പോലീസ് നിയന്ത്രിക്കും. അടിയന്തര ആവശ്യങ്ങള്‍ക്കും പ്രദേശവാസികളുടെ അത്യാവശ്യ യാത്രകള്‍ക്കും സാഹചര്യമനുസരിച്ച് പോലീസ് അനുമതി നല്‍കും.
- Log in to post comments