Skip to main content

കുട്ടികളുടെ കലാവൈഭവത്തിന് വേദിയൊരുക്കാന്‍ ചിറ്റുമലയില്‍ 'കുട്ടിമേള 2026'

അങ്കണവാടി കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ കണ്ടെത്തുന്നതിനും കലാപരമായ മികവ് പ്രോത്സാഹിപ്പിക്കുന്നതിനും ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 'കുട്ടിമേള 2026' അങ്കണവാടി കലോത്സവം സംഘടിപ്പിക്കുന്നു. നവംബര്‍ 28 ശനിയാഴ്ച രാവിലെ ഒമ്പതിന് നാന്തിരിക്കല്‍ ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ നടക്കുന്ന കലോത്സവം പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 8 30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.
ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ വിനിയോഗിച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മണ്‍ട്രോത്തുരുത്ത്, ഈസ്റ്റ് കല്ലട, പെരിനാട്, പേരയം, കുണ്ടറ, തൃക്കരുവ, പനയം എന്നീ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ 199 അങ്കണവാടികളില്‍ നിന്ന് 155 കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. പഞ്ചായത്ത് തലത്തില്‍ നടന്ന മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കുട്ടികളാണ് ബ്ലോക്ക് തലത്തില്‍ മാറ്റുരയ്ക്കുന്നത്.
പഞ്ചായത്ത് തലത്തില്‍ അങ്കണവാടി കലോത്സവങ്ങള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇത്തരത്തില്‍ കലോത്സവം സംഘടിപ്പിക്കുന്നത് കേരളത്തില്‍ തന്നെ ആദ്യമായാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബൈജു പറഞ്ഞു. കുട്ടികളിലെ കലാപരമായ കഴിവുകള്‍ കണ്ടെത്തുന്നതിനും അവയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനും കുട്ടിമേള വേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

date