ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് വാരാചരണം: 'അറിയാം സൂപ്പര്‍ബഗ്ഗുകളെ' ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു നവംബര്‍ 24 വരെ ബോധവത്കരണ വാരാചരണം തുടരും
ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 'അറിയാം സൂപ്പര്‍ബഗ്ഗുകളെ'എന്ന പേരില്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവത്കരണ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും പാനല്‍ ഡിസ്‌കഷനും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീജ എ എല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ശ്രീകുമാര്‍ എസ് അധ്യക്ഷനായി. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ സക്കീര്‍ ഹുസൈന്‍ വിശിഷ്ടാതിഥിയായി. ജില്ലാ സാമൂഹികനീതി ഓഫീസര്‍ എ കെ ഹരികുമാരന്‍ നായര്‍, ജില്ലാ ഡെപ്യൂട്ടി എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍മാരായ ഷാലിമ റ്റി, അജിത് കുമാര്‍ ഡി, ആരോഗ്യ വകുപ്പ് സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ ജയചന്ദ്രന്‍ കെ ഐ, ജില്ലാ നഴ്‌സിങ് ഓഫീസര്‍ രേണുക സി, കെ പി പി എ ജില്ലാ പ്രസിഡന്റ് ആര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ച പാരിപ്പള്ളി മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ചിന്ത എസ് നയിച്ചു. പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ അനീസ എം എസ്, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീദിവ്യ റാണി സി എസ് , അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ തന്‍സി ഷെരീഫ്, അനിമല്‍ ഹസ്ബന്‍ഡറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഷീജ എസ്, ഡ്രഗ് ഇന്‍സ്പെക്ടര്‍ നജീബ് എം എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ജില്ലാ നഴ്‌സിങ് കോളേജ്, മെഡിസിറ്റി, ക്രെസെന്റ് സ്‌കൂള്‍, കരിക്കോട് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, വനിതാ ശിശു വികസന വകുപ്പ് ജീവനക്കാര്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയില്‍ നവംബര്‍ 18 മുതല്‍ തുടങ്ങിയ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവത്കരണ വാരാചരണം 24 വരെ തുടരും.
ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ജീവന് ഭീഷണിയാകും
ബാക്ടീരിയ, വൈറസുകള്‍, ഫംഗസുകള്‍, പരാദങ്ങള്‍ എന്നിവയെ നശിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന മരുന്നുകളോട് അവ പ്രതികരിക്കാതാകുന്ന അവസ്ഥയാണ് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ്. എ എം ആര്‍ മൂലം ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ലാതാകുകയും അണുബാധകള്‍ ചികിത്സിക്കാന്‍ കൂടുതല്‍ പ്രയാസകരവും, ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതും, ചെലവേറിയതുമായി മാറുന്നു. നിസാരമെന്ന് തോന്നാവുന്ന അണുബാധകള്‍ പോലും ജീവന് ഭീഷണിയായേക്കാം. ജലദോഷം, ഫ്‌ലൂ, വൈറല്‍ പനി തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് ഫലപ്രദമല്ല. ചികിത്സാ കോഴ്‌സ് പൂര്‍ത്തിയാക്കാതിരുന്നാലോ അസുഖം ഭേദമായെന്ന് തോന്നുമ്പോള്‍ തന്നെ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് നിര്‍ത്തിയാലോ സ്വയം ചികിത്സ കാരണമോ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങി ഉപയോഗിക്കുന്നത് മൂലമോ വളര്‍ച്ചാ നിരക്ക് കൂട്ടുന്നതിനായി കോഴി, കന്നുകാലി, മത്സ്യ കൃഷി എന്നിവയില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് മൂലമോ, വെള്ളത്തിലും മണ്ണിലും ആന്റിബയോട്ടിക് അവശിഷ്ടങ്ങള്‍ കലരുന്നത് മൂലമോ ശുചിത്വക്കുറവ് കാരണമോ മാലിന്യ സംസ്‌കരണത്തിലെ പോരായ്മ കാരണമോ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ഉണ്ടാകാം. അതിനാല്‍ ഇവയ്ക്കെതിരെ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
വൈറല്‍ പനി, ജലദോഷം, ചുമ എന്നിവയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ആവശ്യപ്പെടരുത്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ കഴിക്കരുത്. ഡോക്ടര്‍ നിര്‍ദ്ദേശിച്ച മുഴുവന്‍ കോഴ്‌സും പൂര്‍ത്തിയാക്കുക. മറ്റുള്ളവരുമായി ആന്റിബയോട്ടിക്കുകള്‍ പങ്കിടരുത്. വാക്‌സിനേഷന്‍ എടുക്കുക, കൈകള്‍ വൃത്തിയായി കഴുകുക, സുരക്ഷിതമായ ഭക്ഷണവും വെള്ളവും ഉപയോഗിക്കുക, വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കുന്നതിന് മൃഗങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത് ഒഴിവാക്കുക, മൃഗഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുക.
- Log in to post comments