Skip to main content

പാസ്സ്‌വേർഡ്‌: വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു 

 

കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പും ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ സെല്ലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ വ്യക്തിത്വ വികസന - കരിയർ ഗൈഡൻസ് പരിശീലന പരിപാടിയായ 'പാസ്‌വേഡ് 2026–27' (ട്യൂണിംഗ് ക്യാമ്പ്) അമ്പലപ്പുഴ പുറക്കാട് ശ്രീനാരായണ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ (എസ്.എൻ.എം.എച്ച്.എസ്.എസ്) ഓഡിറ്റോറിയത്തിൽ നടന്നു.
ന്യൂനപക്ഷ ക്ഷേമ വിഭാഗങ്ങളിൽപ്പെട്ട ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് തല വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയും ഭാവി ലക്ഷ്യങ്ങളും മുൻനിർത്തിയാണ് സംസ്ഥാനത്തുടനീളം സർക്കാർ ക്യാമ്പ് സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുക, വ്യക്തിത്വ വികസനം ഉറപ്പാക്കുക, കൃത്യമായ കരിയർ ദിശാബോധം നൽകുക, പഠനസമ്മർദ്ദം കുറച്ച് സമയക്രമീകരണം സാധ്യമാക്കുക തുടങ്ങിയവയാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ. മോട്ടിവേഷൻ, വ്യക്തിത്വ വികസനം, കരിയർ ഡെവലപ്മെന്റ് എന്നീ മേഖലകളിൽ വിദഗ്ധരായ ട്രെയിനർമാർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.  
ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷൻഅംഗം എ.ആർ.കണ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമിദ് പരിപാടിയിൽ അധ്യക്ഷയായി.
ന്യൂനപക്ഷ ക്ഷേമ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ  ഡോ.കെ.റഹ്മത്തുള്ള
മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ എം.ആർ.പ്രേം, എച്ച് എം രവിലാൽ,സ്കൂൾ മാനേജർ എം.ഡി. മധു, പി.ടി.എ പ്രസിഡന്റ് എ.സുനിൽ കുമാർ, കെ. മുനീറ , അബീസ് എ ,ഷെറീന, ഷൌക്കത്ത്,  കബീർ തുടങ്ങിയവർ പങ്കെടുത്തു.

date