Skip to main content

കാർഷിക മേഖലയിലെ വിവരശേഖരണത്തിന് സർക്കാർ ഉദ്യോഗസ്ഥർക്ക് പരിശീലനം

സംസ്ഥാനത്തിന്റെ കാർഷിക ആസൂത്രണത്തിനും സാമ്പത്തിക നയരൂപീകരണത്തിനും അടിസ്ഥാനമാകുന്ന സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്നതിനായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ ഇ.ആർ.എ.എസ് (എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ആൻ ഏജൻസി ഫോർ റിപ്പോർട്ടിംഗ് അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്) ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു.   കളക്ടറേറ്റ് ആസൂത്രണ സമിതി ഹാളിൽ നടന്ന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ. ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

കേരളത്തെ ഉപഭോക്തൃ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാർഷിക മേഖലയുടെ ശോഷണം തടയുന്നതിനും യഥാർത്ഥ സ്ഥിതിവിവരക്കണക്കുകൾ കൃത്യമായി നൽകുന്നതിനും വകുപ്പിന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പരമ്പരാഗത കൃഷിയെ പ്രൊഫഷണൽ അഗ്രികൾച്ചർ, യന്ത്രവൽകൃത കൃഷി എന്നിവയിലേക്ക് മാറ്റേണ്ടതുണ്ടെന്നും വേമ്പനാട്ട് കായലിലെയും നെൽപ്പാടങ്ങളിലെയും മാറ്റങ്ങളെക്കുറിച്ച് കൃത്യമായ പഠനം നടക്കേണ്ടതുണ്ടെന്നും അദ്ദേഹം   പറഞ്ഞു.

ഉദ്ഘാടന യോഗത്തിന് ശേഷം നടന്ന സാങ്കേതിക സെഷനുകളിൽ വിവരശേഖരണത്തിനായി തയ്യാറാക്കിയ AIDeA (ആപ്ലിക്കേഷൻ ഫോർ ഇൻറലിജൻസ് ഡാറ്റ എൻജിനീയറിങ് ആൻഡ്  അനലിറ്റിക്സ്) സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ, ജി സി ഇ എസ് (ഡിജിറ്റൽ ജനറൽ ക്രോപ്പ് എസ്റ്റിമേഷൻ സർവ്വേ) ആപ്ലിക്കേഷൻ എന്നിവയിൽ ജീവനക്കാർക്ക് പ്രായോഗിക പരിശീലനം നൽകി. 

ചടങ്ങിൽ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി ആർ സൂരേഷ് അധ്യക്ഷനായി. അഡീഷണൽ ജില്ലാ ഓഫീസർ ബി. ജയശങ്കർ, തിരുവനന്തപുരം ഡയറക്ടറേറ്റിലെ റിസർച്ച് അസിസ്റ്റന്റ് കെ സാജു, മൂവാറ്റുപുഴ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ ബേസിൽ എം ജോയ്, ആലുവ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ കെ പി പ്രജിത, റിസർച്ച് ഓഫീസർ എ ബി രാജേഷ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ജില്ലാ ഓഫീസർ കെ എം ജമാൽ, അഡീഷണൽ ജില്ലാ ഓഫീസർ എൻ കൃഷ്ണനുണ്ണി,  റിസർച്ച് ഓഫീസർ എ ആർ രശ്മി,  റിസർച്ച് അസിസ്റ്റന്റ് സൂര്യ നാരായണൻ എന്നിവർ പങ്കെടുത്തു.

date