കാര്യക്ഷമമായ ജലവിതരണം ഉറപ്പാക്കാന്‍ നടപടി: മന്ത്രി അനൂപ് ജേക്കബ്
എം.വി.ഐ.പി കനാല്‍ നവീകരണം:
പിറവം മണ്ഡലത്തില്‍ 1.69 കോടി രൂപയുടെ ഭരണാനുമതി
മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി (എം.വി.ഐ.പി) കനാലുകളുടെ അറ്റകുറ്റപ്പണികള്‍ക്കും ജലവിതരണം സുഗമമാക്കാനുമായി പിറവം നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികള്‍ക്ക് 1,69,45,000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. വിവിധ കനാലുകളുടെ പാര്ശ്വസംരക്ഷണത്തിനായി 79.50 ലക്ഷം രൂപയും വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി 55.70 ലക്ഷം രൂപയും അനുബന്ധ പ്രവൃത്തികള്‍ക്കായി ഒന്‍പത് ലക്ഷം രൂപയും ഇതിലുള്‍പ്പെടും.
പിറവം-മൂവാറ്റുപുഴ-തൊടുപുഴ കനാലിന്റെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കു മൂന്നുലക്ഷം രൂപയും അനുബന്ധ പ്രവൃത്തികള്‍ക്ക് ആറു ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. പിറവം-കടുത്തുരുത്തി കനാല്‍ റീച്ചിലെ പ്രവൃത്തികള്‍ക്കു 4.96 ലക്ഷം രൂപയും മുളക്കുളം ബ്രാഞ്ച് കനാലിന്റെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്ക് നാലു ലക്ഷം രൂപയും രാമമംഗലം ബ്രാഞ്ച് കനാല്‍ പ്രവൃത്തികള്‍ക്ക് 13.50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
കാലപ്പഴക്കം, പ്രളയക്കെടുതി, മണ്ണിടിച്ചില്‍, കരയിടിച്ചില്‍, യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്തുന്നതിലെ കാലതാമസം തുടങ്ങിയവ മൂലം പദ്ധതിയുടെ പ്രധാന കനാലുകള്‍, ബ്രാഞ്ച് കനാലുകള്‍, ഡിസ്ട്രിബ്യൂട്ടറികള്‍, ക്രോസ് ഡ്രെയിനേജ് സംവിധാനങ്ങള്‍ എന്നിവയ്ക്ക് വിവിധയിടങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കനാല്‍ ലൈനിംഗിലെ തകര്‍ച്ചയും വിള്ളലുകളും മണ്ണും ചെളിയും അടിഞ്ഞുകൂടുന്നതും സംരക്ഷണഭിത്തികളുടെ നാശവും ക്രോസ് ഡ്രെയിനേജ് ഘടനകളുടെ ജീര്‍ണാവസ്ഥയും ജലവിതരണത്തിന്റെ കാര്യക്ഷമതയെ ബാധിക്കുന്നുണ്ട്. ഇവ പരിഹരിക്കുന്നതിലൂടെ കനാലുകളുടെ സുഗമമായ പ്രവര്‍ത്തനവും കാര്യക്ഷമമായ ജലവിതരണവും ഉറപ്പാക്കാനാകുമെന്നു മന്ത്രി അറിയിച്ചു.
എം.വി.ഐ.പി പദ്ധതിയുടെ ഭാഗമായി ആകെ 77 പ്രവൃത്തികള്‍ക്കായി ആറു കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നത് പിറവം നിയോജക മണ്ഡലത്തിനാണ്.
- Log in to post comments