Skip to main content

പൾസ് പോളിയോ പ്രതിരോധത്തിൽ ജില്ലയ്ക്ക് മികച്ച നേട്ടം

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയിൽ ജില്ല മികച്ച നേട്ടം കൈവരിച്ചു. അഞ്ചു വയസ്സിന് താഴെയുള്ള 1,61,529 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകാൻ ലക്ഷ്യമിട്ടത്. എന്നാൽ 1,66,120 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി. ഇതിൽ 5,977 പേർ ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളാണ്.

നവംബർ 22-ന് നടന്ന പൾസ് പോളിയോ ദിനത്തിലും തുടർന്നുള്ള മൂന്ന് ദിവസങ്ങളിലുമായി ബൂത്തുകൾ, ഭവനസന്ദർശനങ്ങൾ, ട്രാൻസിറ്റ് ബൂത്തുകൾ എന്നിവ വഴിയാണ് കുട്ടികൾക്ക് തുള്ളിമരുന്ന് നൽകിയത്. ഇതിനായി ജില്ലയിൽ 1,879 ബൂത്തുകൾ സജ്ജീകരിച്ചു. സർക്കാർ, സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് പുറമേ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മെട്രോ സ്റ്റേഷനുകൾ, മാളുകൾ, വിമാനത്താവളം എന്നിവിടങ്ങളിലായി 40 ട്രാൻസിറ്റ് ബൂത്തുകളും പ്രവർത്തിച്ചു.

എത്തിച്ചേരാൻ പ്രയാസമുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും കുട്ടികൾക്ക് തുള്ളിമരുന്ന് ഉറപ്പാക്കുന്നതിനായി 32 മൊബൈൽ ടീമുകളെയും സജ്ജമാക്കിയിരുന്നു.

date