ഭരണഘടനാ ചട്ടക്കൂട് ചിന്തകളിൽ വേണം: മുഖ്യമന്ത്രി
* ഭരണഘടനാ ദിനാഘോഷം ഉദ്ഘാടനം
* ആൻസി വി.എ യ്ക്ക് വാഗ്മി - 2026 മത്സരത്തിൽ ഒന്നാം സ്ഥാനം
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ എല്ലാവരും എന്ത് തീരുമാനമെടുക്കുമ്പോഴും സംസാരിക്കുമ്പോഴും മനസ്സിൽ ഒരു ‘ഭരണഘടനാ ചട്ടക്കൂട് ’ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഈ ഒരു ഫ്രെയിമിൽ നിന്നുകൊണ്ട് ചിന്തിക്കുമ്പോൾ നീതിനിഷേധമുണ്ടാകില്ല. സാമൂഹികനീതി ഉറപ്പുവരുത്താനും എല്ലാവരെയും ഉൾച്ചേർക്കാനും രാജ്യത്തിന്റെ സവിശേഷതകളെയും പ്രത്യേകതകളെയും ബോധ്യപ്പെടാനും സാധിക്കും. ഭരണഘടനാ മൂല്യങ്ങളും സവിശേഷതകളും എല്ലാ പൗരന്മാർക്കും മനസിലാക്കാനുള്ള അവസരം കൂടി പാഠ്യപദ്ധതികളിൽ ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമവകുപ്പ് സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷത്തിന്റെ ഉദ്ഘാടനവും അഖിലകേരള ഭരണഘടനാ പ്രസംഗമത്സരമായ ‘വാഗ്മി-2026’ വിജയികൾക്കുള്ള സമ്മാനദാനവും സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഭരണഘടനാമൂല്യത്തിൽ സാമൂഹികനീതി ഉൾക്കൊള്ളുന്നു. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പാണ് ജനാധിപത്യ ഭരണക്രമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഭരണഘടനാ ധാർമികതയും മൂല്യങ്ങളും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. ഇതുവരെ വായിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഗ്രന്ഥം ഇന്ത്യൻ ഭരണഘടനയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഭരണഘടനാ ദിനാഘോഷത്തിന്റെ തുടക്കമായി മുഖ്യമന്ത്രി ഭരണഘടനയുടെ ആമുഖം വായിച്ചു നല്കി.
സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ എയ്ഡഡ് കോളജുകളിലെയും വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘വാഗ്മി – 2026’ മത്സരത്തിൽ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജിലെ ആൻസി വി.എ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കേരള യൂണിവേഴ്സിറ്റി കാര്യവട്ടം പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ സ്നേഹ എസ്. രണ്ടാം സ്ഥാനവും മാനന്തവാടി കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എഡ്യുക്കേഷൻ സെന്ററിലെ അഞ്ജലി കൃഷ്ണ മൂന്നാം സ്ഥാനവും നേടി. ജേതാക്കൾക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ വീതവും ട്രോഫിയും സർട്ടിഫിക്കറ്റും ഭരണഘടനാ ഡിബേറ്റിന്റെ ഒന്നും രണ്ടും വാല്യങ്ങളും സമ്മാനമായി ലഭിച്ചു. മുഖ്യമന്ത്രി വി.ഡി സതീശൻ ജേതാക്കൾക്ക് സമ്മാനങ്ങൾ നല്കി. ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ രാജ്യസഭ എം.പി ഹാരിസ് ബീരാന് ഔദ്യോഗിക ഭാഷാ നിയമനിർമ്മാണ കമ്മിഷൻ പ്രസിദ്ധപ്പെടുത്തിയ ഭരണഘടനയുടെ ദ്വിഭാഷാ പതിപ്പ് മുഖ്യമന്ത്രി സമ്മാനിച്ചു.
നിയമ സെക്രട്ടറി പി.എൻ വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സ്പെഷ്യൽ സെക്രട്ടറി ജി.എസ്. ആശ, അഡീഷണൽ നിയമ സെക്രട്ടറിമാരായ സുരേഷ്കുമാർ എസ്, പത്മ വി എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ്. 4984/2026
- Log in to post comments