Skip to main content

എൻ.എസ്.എസ് ഇക്കോ സ്റ്റാളിനെ അഭിനന്ദിച്ച് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ  പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പകരം ഒരു ഗ്ലാസ് സർബത്ത്; 'റിട്ടേൺ' ശ്രദ്ധേയമായി

 

കലോത്സവത്തിന്റെ ആവേശത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവും പകർന്ന് 'റിട്ടേൺ' എന്ന വേറിട്ട ആശയവുമായി TDHSS സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർഥികൾ. തുറവൂർ ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ച് സ്കൂൾ ക്യാമ്പസ് പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ 'ഇക്കോ സ്റ്റാൾ' മത്സരാർത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധ നേടി. എൻ.എസ്.എസ് വോളന്റിയർമാരുടെ ഈ മാതൃകാപരമായ പ്രവർത്തനത്തെ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അഭിനന്ദിച്ചു.

ഒരു പ്ലാസ്റ്റിക് കുപ്പിയോ അഞ്ച് പ്ലാസ്റ്റിക് കവറുകളോ ഇക്കോ സ്റ്റാളിൽ ഏൽപ്പിക്കുന്നവർക്ക് പകരമായി ഒരു ഗ്ലാസ് സർബത്ത് സൗജന്യമായി നൽകുന്നതായിരുന്നു 'റിട്ടേൺ' പദ്ധതിയുടെ പ്രത്യേകത. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതെ ശേഖരിച്ച് പുനഃസംസ്കരണത്തിനായി കൈമാറുക എന്ന സന്ദേശമാണ് ഇതിലൂടെ മുന്നോട്ടുവെച്ചത്. രണ്ടു ദിവസത്തെ പ്രവർത്തനത്തിലൂടെ 15 ചാക്ക് പ്ലാസ്റ്റിക് കുപ്പികളും കവറുകളും ശേഖരിക്കാൻ എൻ.എസ്.എസ് വോളന്റിയർമാർക്ക് കഴിഞ്ഞു. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമസേനയ്ക്ക് കൈമാറി.

മത്സരാർത്ഥികളും രക്ഷിതാക്കളും പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയാതെ ആവേശത്തോടെ ഇക്കോ സ്റ്റാളിലെത്തിച്ച് പകരം സർബത്ത് സ്വീകരിക്കുന്ന കാഴ്ചയും ശ്രദ്ധേയമായി. മാലിന്യസംസ്കരണത്തെ ജനകീയ പങ്കാളിത്തത്തിലൂടെ പ്രായോഗികമാക്കുന്ന മാതൃകാപരമായ പ്രവർത്തനമായി 'റിട്ടേൺ' മാറി.

കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് വി. വിനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.ആർ. ഷിനോദ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ. രാജശ്രീ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് ബി. ശ്രീജ, പി.ടി.എ വൈസ് പ്രസിഡന്റ് രഘുനാഥ്, എൻ.എസ്.എസ് ലീഡർമാരായ ജ്ഞാനശ്രീ, റിതുനന്ദ് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് കോ-ഓർഡിനേറ്റർ സുരേഷ് വി.എൽ. പരിപാടികൾക്ക് നേതൃത്വം നൽകി.

date