Skip to main content

ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ

ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടന്നു വരുന്ന നാല്പത്തിയഞ്ചാമത് ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ. 31 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പങ്കെടുത്ത പ്രദർശന വിഭാഗത്തിലാണ് കേരളത്തിന് വെള്ളി മെഡൽ ലഭിച്ചത്. കേരളപ്പിറവിയുടെ 70 വർഷം ആഘോഷിക്കുന്ന വേളയിലാണ് കേരളത്തിന്റെ നേട്ടം.

ഭാരത് മണ്ഡപം ഓഡിറ്റോറിയത്തിൽ നടന്ന സമ്മാനദാനച്ചടങ്ങിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ സബിൻ സമീദ് ഐറ്റിപിഒ ഡയറക്ടർ ജാവേദ് അഷ്‌റഫിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. ഐപിആർഡി അഡിഷണൽ ഡയറക്ടർ കെ.പി.സരിത, ഡെപ്യൂട്ടി ഡയറക്ടർ സി.എഫ്. ദിലീപ് കുമാർ, ഇൻഫർമേഷൻ ഓഫീസർമാരായ ശ്രീകാന്ത് എം. ഗിരിനാഥ്, പി.ആർ. സാബു, പ്രതീഷ് ഡി. മണി, അസിസ്റ്റന്റ് എഡിറ്റർ രതീഷ് ജോൺ എന്നിവർ സന്നിഹിതരായിരുന്നു.

ഏറെ ജനശ്രദ്ധയാകർഷിച്ച കൊമ്പനാനയുടെ ചലിക്കുന്ന മാതൃക കേരള പവലിയന്റെ പ്രധാന സവിശേഷതയായിരുന്നു. ഇതിനു പുറമേ കേരളത്തിന്റെ തനത് വിഭവങ്ങളും കൈത്തറി, കരകൗശല ഉത്പന്നങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും പ്രദർശിപ്പിച്ച സ്റ്റാളുകളും പവലിയനിലേക്ക് ആളുകളെ ആകർഷിച്ചു.

കുടുംബശ്രീയുടെയും ഫിഷറീസ് വകുപ്പിന് കീഴിലുള്ള സാഫിന്റെയും നേതൃത്വത്തിലുള്ള ഫുഡ് കോർട്ടുകളും സന്ദർശകരുടെ പ്രധാന ആകർഷണമായി. കേരളത്തിന്റെ തനത് പലഹാരങ്ങളും വിഭവങ്ങളും ആസ്വദിക്കാൻ ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

കേരളത്തിന്റേതായി 23 വ്യത്യസ്തമായ സ്റ്റാളുകളാണ് ഒരുക്കിയിരുന്നത്. കൈത്തറി, ടെറാക്കോട്ട കരകൗശല ഉത്പന്നങ്ങൾ, കാപ്പി, തേയില, വെളിച്ചെണ്ണ, കൂൺ കൊണ്ടുള്ള പായസം, സ്മൂത്തി, തേയില, കാപ്പിപ്പൊടി തുടങ്ങിയ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയായിരുന്നു.

ഭാരത് മണ്ഡപത്തിലെ വിവിധ ഹാളുകളിലായി നടക്കുന്ന മേളയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 11 വിദേശ രാജ്യങ്ങളിൽ നിന്നുമായി 3,500-ലധികം പ്രദർശകരും 600-ഓളം സ്റ്റാർട്ടപ്പുകളും പങ്കെടുക്കുന്നുണ്ട്. മേള 27-ന് സമാപിക്കും.

                                                                                                                                                                                                                                   പി.എൻ.എക്‌സ്. 4998/2026

 

date